കലിഫോർണിയ ∙ ഓറിഗണിൽ കാട്ടുതീയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ 71 കാരിയും 13 കാരൻ കൊച്ചു മകനും വെന്തു മരിച്ചു. ഓറിഗണിലെ മാരിയോൺ കൗണ്ടിയിലാണു ദാരുണ സംഭവം. കൂടെ കാറിൽ ഉണ്ടായിരുന്നവർ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ചുറ്റും കാട്ടുതീ പടർന്നിടത്തുനിന്നും കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴായിരുന്നു. കാട്ടുതീയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവേ കാറിനു തീ പിടിച്ചാണ് മരണം സംഭവിച്ചത്. ആഞ്ചല 71 കാരിയായ അമ്മയെയും മകനെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു, ആഞ്ചലയ്ക്കും ഗുരുതരമായി പൊള്ളലേറ്റു.

ഓറിഗണില്‍ ഒരു ഡസനോളം പേരെ കാണാതായിട്ടുണ്ട്. 4 പേരെങ്കിലും മരിച്ചതായിട്ടാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ. ഓറിഗണിൽ 2 ലക്ഷത്തോളം ഏക്കർ സ്ഥലം കത്തിക്കഴി‍ഞ്ഞു. കാട്ടുതീ നിയന്ത്രണത്തിലായിട്ടില്ല.

എന്നാൽ തൊട്ടടുത്ത സംസ്ഥാനമായ കലിഫോര്‍ണിയയിൽ രണ്ടാഴ്ചയായി കാട്ടുതീ വിവിധ സ്ഥലങ്ങളിൽ പടരുന്നു. ഇവിടെയും കാട്ടുതീ 50 ശതമാനത്തിൽ താഴെ മാത്രമാണ് നിയന്ത്രണത്തിലായിരിക്കുന്നത്. 320 ലക്ഷം ഏക്കർ സ്ഥലവും 7000 ത്തോളം കെട്ടിടങ്ങളും ഇതിനകം കലിഫോർണിയയിൽ കാട്ടുതീയിൽ കത്തിയമർന്നു. ആയിരക്കണക്കിനുപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.