ഏറെ വൈകിയെങ്കിലും കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് അന്തിമ അനുമതിയും ലഭിച്ചു. നാലു വർഷം മുൻപേ നിർമാണം തുടങ്ങേണ്ടിയിരുന്ന പദ്ധതിയാണിത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇപ്പോൾ മെട്രോ കാക്കനാട്ടേക്ക് ഓടിയെത്തുമായിരുന്നു. പാലാരിവട്ടം, വാഴക്കാല, ചെമ്പുമുക്ക്, പടമുകൾ, കാക്കനാട്, ചിറ്റേത്തുകര, ഇടച്ചിറ തുടങ്ങി പാർപ്പിട മേഖലകളെ ബന്ധിപ്പിച്ചാണു പുതിയ ലൈൻ. നിലവിൽ തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷൻ വരെയാണു മെട്രോ ഓടുന്നത്.

ഇൗ വർഷം അവസാനത്തോടെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെ എത്തും. ഭാവിയിൽ തൃപ്പൂണിത്തുറ ടെർമിനലും ഇൻഫോപാർക്ക് ടെർമിനലും ബന്ധിപ്പിച്ചു പുതിയൊരു മെട്രോ ലൈൻ വരാൻ സാധ്യത ഏറെയാണ്. ഇപ്പോഴുള്ള മെട്രോ സിസ്റ്റം തന്നെയാവണം അത് എന്നില്ല, ഒരുപക്ഷേ, മെട്രോ നിയോ ആയിരിക്കാം. എംജി റോഡ് സ്റ്റേഷനിൽ നിന്നു മറൈൻഡ്രൈവ് വഴി സൗത്ത് സ്റ്റേഷനിലേക്കു മെട്രോയുടെ ലൂപ് ലൈനും പരിഗണനയിലുണ്ട്. ഇത്രയും പൂർത്തിയാവുന്നതോടെ ജനവാസ മേഖലകളെയും വ്യാപാര മേഖലകളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി മെട്രോ മാറും.

മെട്രോയിലേക്കു കൂടുതൽ യാത്രക്കാരെത്തും. ആ നല്ല നാളുകളിലേക്കാണു മെട്രോ കാക്കനാട് ലൈൻ തുടക്കമിടുന്നത്. 3 വർഷം മുൻപു മന്ത്രിസഭാ അനുമതിയുടെ തൊട്ടടുത്തു വരെ എത്തിയ പദ്ധതിയാണിത്. അന്നു മന്ത്രിസഭാ കുറിപ്പ് തയാറായിരുന്നു. പിന്നീട് രാഷ്ട്രീയകാരണങ്ങളാൽ അനുമതി ഉണ്ടായില്ല. 2021ലെ കേന്ദ്ര ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു. തുകയും വകയിരുത്തി. എന്നിട്ടും കേന്ദ്ര മന്ത്രിസഭാ അനുമതി കിട്ടിയില്ല. ഐഎൻഎസ് വിക്രാന്ത് കമ്മിഷൻ ചെയ്യാനെത്തിയ പ്രധാനമന്ത്രി ഏവരെയും അദ്ഭുതപ്പെടുത്തി മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണോദ്ഘാടനത്തിനു സമ്മതിക്കുകയായിരുന്നു.

ദൂരം 38 കിലോമീറ്റർ

കാക്കാനാട്ടേക്കുള്ള രണ്ടാം ഘട്ടം പൂർത്തിയായാൽ കൊച്ചി മെട്രോ റൂട്ടിന്റെ ദൈർഘ്യം 38 കിലോമീറ്റർ ആകും. എസ്എൻ ജംക്‌ഷൻ വരെ ഇപ്പോൾ 27 കിലോമീറ്റർ മെട്രോ ഓടുന്നുണ്ട്. ആലുവ മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ടം 4 പ്രാവശ്യമായാണു കമ്മിഷൻ ചെയ്തത്. അതിന്റെ തുടർച്ചയാണു പേട്ടയിൽ നിന്നു എസ്എൻ ജംക്‌ഷൻ വരെയുള്ള ലൈൻ. ഒരേ ദിശയിലുള്ള ഇൗ ലൈനിൽ നിന്നു മറ്റൊരു ദിശയിലേക്കാണു കാക്കനാട് ലൈൻ. 11.2 കിലോമീറ്റർ ദൂരം. 11 സ്റ്റേഷനുകൾ.

നഗരത്തിന്റെ വ്യാപാര മേഖലയെ ഐടി കേന്ദ്രവുമായും ജില്ലാ ഭരണകേന്ദ്രവുമായും ബന്ധിപ്പിക്കുന്നുവെന്നതാണു ഇൗ ലൈനിന്റെ പ്രത്യേകത. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നു പാലാരിവട്ടം, സിവിൽ ലൈൻ റോഡ് , സീപോർട്ട് എയർപോർട്ട് റോഡ് വഴി ഇൻഫോ പാർക്ക് രണ്ടാം ഘട്ടം വരെയാണു പുതിയ ലൈൻ. രണ്ടാം ഘട്ടത്തിന് അനുമതി ആവശ്യപ്പെട്ട് ആദ്യം സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് കേന്ദ്ര സർക്കാർ മടക്കിയതാണ്.

പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തിൽ ചെലവു കുറഞ്ഞ മറ്റെന്തെങ്കിലും മാർഗം സ്വീകരിക്കാൻ ആവശ്യപ്പെട്ടായിരുന്നു ഇത്. 2500 കോടിയോളം രൂപയായിരുന്നു ചെലവ്. എന്നാൽ നിലവിലുള്ള മെട്രോയുടെ തുടർച്ചയായി രണ്ടാം ഘട്ടം നടപ്പാക്കണമെന്നും അതുവഴി, പുതിയ മെട്രോ നിർമിക്കുന്നതിനു വേണ്ടിവരുന്ന അത്രയും ചെലവു വരില്ലെന്നുമുള്ള വിശദീകരണത്തിലാണു രണ്ടാം ഘട്ടവും മെട്രോ തന്നെ അനുവദിക്കാൻ കാരണം. രണ്ടാം ഘട്ടത്തിനു വേണ്ടി പുതിയ ട്രെയിനുകളൊന്നും വാങ്ങുന്നില്ല. നിലവിലുള്ള 25 ട്രെയിനുകൾ വച്ചുതന്നെ രണ്ടാം ലൈനിലും സർവീസ് നടത്തും.