ലാസ്‍ വേഗസ് ∙ ‘വേഗസിൽ സംഭവിക്കുന്നത് വേഗസിൽ തന്നെ നിൽക്കുന്നു’– ഇതൊരു പഴയ ചൊല്ലാണ്. പക്ഷേ, ഇന്ന് ഇത് ലാസ്‌ വേഗസിന്റെ സുവർണ നാളുകൾക്ക് മാത്രം ബാധകമായിരുന്നു എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. കോവിഡ് –19 മഹാമാരിക്കുശേഷം വേഗസിൽ സംഭവിക്കുന്നത് പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പല കസിനോകളും അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. ഹോട്ടൽ മുറികളിൽ താമസക്കാരില്ല. കസിനോകൾക്ക് പുറത്ത് മൂന്ന്, നാല് നില ഉയരത്തിൽ ചൂതാട്ടക്കാരെ ആകർഷിക്കുവാൻ ഒരു ഡോളർ തൊണ്ണൂറ്റി ഒൻപത് സെന്റിന് മാർഗരിറ്റകൾ വാഗ്ദാനം ചെയ്തിരുന്ന പരസ്യങ്ങളുടെ സ്ഥാനത്ത് വ്യാഴാഴ്ചകളിൽ ഒരു ഫുഡ് ബാങ്കിന്റെ പരസ്യമാണുള്ളത്. ഫിയസ്റ്റ ഹേൻഡേഴ്സണിന്റെ പരസ്യം രാവിലെ 8 മണി മുതൽ എല്ലാ ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്നത് വരെ പ്രവർത്തിക്കും എന്നറിയിക്കുന്നു.

‘ഞാൻ യുഎസിൽ വന്നത് ഇവിടം കീഴടക്കാനാണ്. എന്റെ സാമ്രാജ്യം ഇവിടെ പടുത്തുയർത്തും എന്ന് ഞാൻ കരുതി’ കോവിഡ് 19 പടർന്നപ്പോൾ ജോലി നഷ്ടപ്പെട്ട, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഫിയസ്റ്റയിൽ ജോലി ചെയ്തിരുന്ന നോർമ ഫ്ലോറസ് എന്ന മെക്സിക്കൻ കുടിയേറ്റക്കാരി പറയുന്നു. ഇപ്പോൾ അവളുടെ സാമ്രാജ്യം കോൺക്രീറ്റ് നിർമ്മിതമായ ഒരു ചെറിയ വീടാണ്. അവൾക്ക് സംരക്ഷിക്കുവാൻ ആറ് കൊച്ചു മക്കളുണ്ട്. കുട്ടികൾ ഓൺലൈനിൽ പഠനം തുടരുന്നു. അവരുടെ അധ്യാപകർ അവരോട് ഉച്ചഭക്ഷണം എന്തായിരുന്നു, ലഘുഭക്ഷണം കഴിച്ചോ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നത് കേൾക്കാനിടയാവുന്ന നോർമ വിതുമ്പലടക്കി ഒതുങ്ങി മാറി നിൽക്കുന്നു. അവർക്ക് ശരിയായ തോതിൽ ഭക്ഷണം നൽകാനാവുന്നില്ല എന്ന കുറ്റബോധം നോർമയുടെ ദുഃഖം വർധിപ്പിക്കുന്നു.
ലാസ്‍ വേഗസിൽ ഒരു കുടിയേറ്റക്കാരനോ കുടിയേറ്റക്കാരിയോ ആയാൽ യുഎസ് സമ്പദ്‍വ്യവസ്ഥയുടെ ഏറ്റവും ദരിദ്രമായ മുഖം കാണാനും അനുഭവിക്കാനും കഴിയും. കൊറോണ വൈറസ് മൂലം ഷട്ട്‍ഡൗൺ ഉണ്ടായപ്പോൾ 90% സന്ദർശകരും വേഗസിൽ വരാതെയായി. സംസ്ഥാനത്തെ തൊഴിലില്ലായ്മ 28% ആയി. ഇത് മറ്റെങ്ങും ഇല്ലാത്ത അത്ര കൂടുതലാണ്.

യുഎസ് ഒട്ടാകെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതമാണ് ദുരിതപൂർണമായത്. ലാസ്‍േവഗസിലെ ആതിഥേയ വ്യവസായത്തിലെ ഇവരുടെ സാന്നിദ്ധ്യം എണ്ണമറ്റ ഹോട്ടലുകൾ, കസിനോകൾ, റസ്റ്ററന്റുകൾ എന്നിവയുടെ നട്ടെല്ലുകളായി മാറി. ഇപ്പോൾ ഇവർ ഒഴിവാക്കപ്പെട്ടത് ഒരു പ്രത്യേക തരം സംഹരിക്കലായി. രാത്രികളിൽ നോർമയ്ക്കു ഉറക്കം വരാറില്ല. വാടക, ഗ്യാസ്, ഭക്ഷണം ഇവയ്ക്കു നൽകുവാൻ പണം എങ്ങനെ കണ്ടെത്തും എന്ന് ആലോചിച്ച് കിടക്കും. സാധാരണ മറ്റ് അമേരിക്കക്കാരെ പോലെ അവരുടെ തൊഴിലില്ലായ്മ വേതനം ക്രിസ്മസിന്റെ അടുത്ത ദിവസം മുതൽ നിലയ്ക്കും. തന്റെ കുടുംബം ഭവനരഹിതമാവും എന്നാലോചിക്കുമ്പോൾ ആശങ്ക വർധിക്കും. നാളെ രാവിലെ ഞാൻ ഉണരുമ്പോൾ എന്റെ പക്കൽ ഒന്നും ഉണ്ടാവില്ല എന്ന ചിന്ത എന്നെ ഭയചകിതയാക്കുന്നു.
ലാസ്‍ വേഗസിലെ കുലിനറി (പാചക സംബന്ധമായ) വർക്കേഴ്സ് യൂണിയൻ വളരെ പ്രബലമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ സ്ഥിരമായി ഇവരുടെ പിന്തുണ തേടാറുണ്ട്. ഇപ്പോൾ ഈ സംഘടനാംഗങ്ങളിൽ പകുതിയിലധികം പേരും കഴിഞ്ഞ എട്ടു മാസമായി തൊഴിൽ രഹിതരാണ്. ഇവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തിലോ കുടിയേറ്റ വിഭാഗത്തിലോ പെട്ടവരാണ്. ലാസ്‌വേഗസിന് ചുറ്റുമുള്ള തൊഴിലാളികൾ വസിക്കുന്ന, അയൽപക്കങ്ങൾ വിദേശ തൊഴിലാളികളുടെ ആകർഷണ കേന്ദ്രങ്ങളാണ്. തുടർച്ചയായി വളർന്നുകൊണ്ടിരുന്ന നഗരത്തിൽ തൊഴിലാളികൾ എക്കാലവും സ്വാഗതം ചെയ്യപ്പെട്ടു. ഡസൻ കണക്കിന് രാജ്യങ്ങളിൽ നിന്നെത്തിയവരായിരുന്നു തൊഴിലാളികൾ.

കൂടുതലും ലാറ്റിൻഅമേരിക്കൻ രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് മെക്സിക്കോയിൽ നിന്നെത്തിയവർ. അവർ ലാസ്‍വേഗസിനെയും നെവാഡ സംസ്ഥാനത്തെയും മാറ്റിമറിച്ചു. സംസ്ഥാനത്തെ നിവാസികളിൽ അഞ്ചിലൊരാൾ കുടിയേറ്റക്കാരനാണ്. ഇപ്പോൾ ഈ കുടിയേറ്റ അയ്‍ക്കൂട്ടങ്ങൾ തൊഴിൽ രഹിതരെ കൊണ്ട് നിറഞ്ഞിരിക്കുന്നു.

ഫിലിപ്പിനോകാരനായ ഹെയർ ഡ്രസ്സർക്ക് തന്റെ സലോൺ നഷ്ടപ്പെട്ടു. ഇപ്പോൾ ഡയബറ്റീസിന്റെ മരുന്ന് വാങ്ങാൻ പോലും പണം ഇല്ലാതെ വിഷമിക്കുന്നു. ഒരു ചെറിയ റസ്റ്ററന്റ് നടത്തി വന്നിരുന്ന കമ്പോഡിയൻ വംശജന് തന്റെ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു. 54 കാരിയായ നോർമയ്ക്കു മാർച്ചിനുശേഷം ജോലി ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഡിസംബർ 25 വരെ ആഴ്ചയിൽ 322 ഡോളർ തൊഴിലില്ലായ്മ വേതനം ലഭിക്കുന്നു.

അവർ ജോലി ചെയ്തിരുന്ന കസിനോ മാർച്ചിൽ അടച്ചുപൂട്ടി. ഇപ്പോൾ അവർക്ക് ഒരു മകനെയും ഒരു മകളെയും ആറ് പേരക്കുട്ടികളെയും സംരക്ഷിക്കേണ്ടതുണ്ട്. സമ്പദ് വ്യവസ്ഥ മോശമായപ്പോൾ ഇവർ നോർമയുടെ സഹായം തേടി എത്തിയതാണ്. കസിനോകളോടോ ചൂതാട്ടക്കാരോ നോർമയ്ക്കു വലിയ പ്രിയമില്ല. പക്ഷേ, കസിനോ തുറന്നില്ലെങ്കിൽ, സന്ദർശകർ വന്നില്ലെങ്കിൽ താനും കുടുംബവും പട്ടിണിയാവും എന്നവർ പറയുന്നു.