ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ച് 18 പേര് മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി). പ്രാഥമിക അന്വേഷണത്തിനു വേണ്ടി തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതേയുള്ളൂ. ആവശ്യമെങ്കില്‍ അന്വേഷണത്തിന് വിദേശ ഏജന്‍സികളുടെ സഹായം തേടുമെന്നും എഎഐബി ഡയറക്ടര്‍ ജനറല്‍ അരബിന്ദോ ഹാന്‍ഡ പറഞ്ഞു.
2017ലെ വ്യോമയാന നിയമം (ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ആക്സിഡന്റ്സ് ആന്‍ഡ് ഇന്‍സിഡന്റ്സ്) അനുസരിച്ചും ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍സ് പതിമൂന്നാം അനുബന്ധം അടിസ്ഥാനമാക്കിയും സമഗ്രമായ അന്വേഷണമായിരിക്കും നടത്തുക.
അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഡിജിറ്റല്‍ ഫ്ളൈറ്റ് ഡേറ്റാ റിക്കാര്‍ഡറും (ഡിഎഫ്ഡിആര്‍) കോക്പിറ്റ് വോയിസ് റിക്കാര്‍ഡറും (സിവിആര്‍) കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക തെളിവുശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും ആരംഭിച്ചു കഴിഞ്ഞുതായും ഹാന്‍ഡ വ്യക്തമാക്കി.
ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്. അതില്‍ രണ്ടുപേര്‍ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരായിരുന്നു.



