ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം 1000 മീറ്റര്‍ റണ്‍വേ പിന്നിട്ടാണ് ഇറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്‍്ററി സമിതി യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ സാഹചര്യത്തെക്കുറിച്ച് സമിതി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കരിപ്പൂരിലെ വിമാനാപകടം പാര്‍ലമെന്‍്റിലെ ട്രാന്‍സ്പോര്‍ട്ട് സ്ഥിരം സമിതിയിലാണ് എം.പിമാര്‍ ഉന്നയിച്ചത്. കെ.സി വേണുഗോപാല്‍, കെ. മുരളീധരന്, ആന്‍േ്റാ ആന്‍്റണി എന്നിവരാണ് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടത്. വ്യോമയാന സെക്രട്ടറി, സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍, എയര്‍ ഇന്ത്യ ചെയര്മാന് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് ഇക്കര്യം ഉന്നയിക്കപ്പെട്ടത്.
2680 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ ആയിരം മീറ്റര്‍ പിന്നിട്ടാണ് വിമാനം ഇറങ്ങിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിമാനം ഇറങ്ങുന്നതിന് എ.ടി.സി അനുമതി ഉണ്ടായിരുന്നു. മറ്റ് കാര്യങ്ങള്‍ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.



