കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് ചികിത്സ കിട്ടിയില്ലെന്ന് പരാതി. ചികിത്സ കിട്ടുന്നില്ലെന്ന് സുനില്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍. തന്നെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് ഐ.സി.യുവില്‍ നിന്ന് സുനില്‍ പറയുന്നതിന്റെ ഫോണ്‍ രേഖകളും കുടുംബം പുറത്തുവിട്ടു.
കഴിഞ്ഞ 14-ാം തീയതിയാണ് പനിയെത്തുടര്‍ന്ന് മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ഡ്രൈവറായ സുനില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. പിന്നീട് അവിടെ നിന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിക്കുമ്ബോള്‍ കാര്യമായ അവശത ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ കെ.പി. സുമേഷ് പറയുന്നു. സുനിലിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് ഇളയച്ചന്‍ കെ.പി. മധു ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഐ.സി.യുവില്‍ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് സുനില്‍ സഹോദരന്‍ സുമേഷിനെ ഫോണില്‍ വിളിച്ചറിയിച്ചു. കോവിഡ് സംബന്ധിച്ച് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കുടുംബത്തിന് ബന്ധപ്പെട്ട ഡോക്ടറെയോ അധികൃതരെയോ പരാതി അറിയിക്കാനായില്ല. മറ്റ് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്ന നല്ല കായിക ശേഷിയുള്ള 28കാരന്റെ മരണം നേരത്തെ തന്നെ ആശങ്കയുയര്‍ത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 18നാണ് കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ രാവിലെ 9.55ന് സുനില്‍ മരിച്ചത്.കുടുംബത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ല. എന്നാല്‍ പരാതി കിട്ടിയാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.
ആരോപണം പക്ഷെ മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു. ഞായറാഴ്ച ആശുപത്രിയിലെത്തിക്കുമ്ബോള്‍ തന്നെ കടുത്ത ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വ്യാഴാഴ്ച സുനില്‍ മരണത്തിന് കീഴടങ്ങിയതെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.



