ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ, അൽ-ബദർ മേധാവി ബഖ്ത് സമീൻ ഖാൻ എന്നിവരുൾപ്പെടെ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഭീകരർ, വെള്ളിയാഴ്ച ഇസ്ലാമാബാദിൽ കൊല്ലപ്പെട്ട ഭീകര കമാൻഡർ ഹംസ ബുർഹാന്റെ സംസ്കാര പ്രാർത്ഥനകളിൽ പങ്കെടുത്തു.
പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചതിന്റെ പിറ്റേ ദിവസമാണ് ഡോക്ടർ’ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന അർജുമന്ദ് ഗുൽസാർ ദാർ എന്ന ഹംസ ബുർഹാനെ ഇസ്ലാമാബാദിൽ അടക്കം ചെയ്തത്. പ്രാദേശികവാസികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദൃശ്യങ്ങൾ പ്രകാരം, മുതിർന്ന ഭീകരർക്ക് പുറമെ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തതായി കാണാം.



