ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് സൈബർ സെൽ ഗ്രേഡ് എസ്ഐക്ക് സസ്‌പെൻഷൻ. കോട്ടയം സൈബർ സെല്ലിലെ ഗ്രേഡ് എസ്ഐ പിഎസ് റിജുമോനെതിരെയാണ് നടപടിയെടുത്തത്. നിരോധിത സംഘടനകൾക്ക് നിർണായക വിവരങ്ങൾ ചേർത്തി നൽകിയതായി എൻഐഎയാണ് കണ്ടെത്തിയത്. 

നിരോധിത സംഘടനയുടെ പ്രവർത്തകന് ഔദ്യോഗിക വിവരങ്ങൾ ചോർത്തിയെന്നതാണ് പിഎസ് റിജുമോനെതിരെയുള്ള ഉയർന്ന ആരോപണം. സംസ്ഥാനത്തിന് പുറത്തുള്ള സംഘടനയുടെ മലയാളി പ്രവർത്തകരെ ചോ​ദ്യംചെയ്‌തതോടെയാണ് റിജുമോനുമായുള്ള ബന്ധം എൻഐഎ കണ്ടെത്തിയത്. കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തെ സൈബർസെൽ ​​ഗ്രേഡ് എസ്ഐയാണ് ഇയാൾ.

എൻഐഎ സംസ്ഥാന പോലീസിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം റേഞ്ച് ഡിഐജിയുടെ നടപടി. സംഭവത്തിൽ എൻഐഎയും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കും