സംസ്ഥാനത്ത് ക്വാറികളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പാസില്ലാതെ ഓടുന്ന 133 വാഹനങ്ങളും, പെര്‍മിറ്റ് അനുവദിച്ചതിനെക്കാളും കൂടുതല്‍ ലോഡ് കയറ്റുന്ന 157 വാഹനങ്ങളും പരിശോധനയില്‍ കണ്ടെത്തി. ചിലയിടങ്ങളില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ക്രമക്കേടിന് ഒത്താശ ചെയ്യുന്നതായാണ് വിജിലന്‍സ് നിഗമനം.
അനധികൃത ഖനനവും, ക്രമക്കേടുകളും സംബന്ധിച്ച പരാതികളെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സ്റ്റോണ്‍ വാള്‍ എന്ന പേരില്‍ വിജിലന്‍സ് സംസ്ഥാന വ്യാപകമായി ക്വാറികളില്‍ പരിശോധന നടത്തിയത്. ക്വാറികളില്‍ ഉപയോഗിക്കേണ്ട വെടിമരുന്ന് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. സംസ്ഥാനത്താകെ 67 സ്‌ക്വാഡായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. പരിശോധന നടത്തിയതില്‍ പകുതിയോളം വാഹനങ്ങളും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പാസില്ലാതെയാണ് ക്വാറികളില്‍ നിന്ന് ലോഡ് കയറ്റുന്നതെന്നും,പെര്‍മിറ്റില്‍ അനുവദിച്ചതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ലോഡ് കയറ്റുന്നതായും വിജിലന്‍സ് കണ്ടെത്തി.306 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 133 വാഹനങ്ങള്‍ പാസ്സില്ലാതെയും,157 വാഹനങ്ങള്‍ പെര്‍മിററ്റ് അളവില്‍ നിന്നും കൂടുതല്‍ ഭാരം കയറ്റിയതിനും പിടിച്ചെടുത്തിട്ടുണ്ട്.
അമിതഭാരം കയറ്റിയറ്റിനു മാത്രം 11 ലക്ഷത്തോളം രൂപയാണ് മോട്ടോര്‍ വാഹനവകുപ്പ് ഈടാക്കിയത്. പിടിച്ചെടുത്ത വാഹനങ്ങളില്‍ അമിതഭാരം കയറ്റിയവ മോട്ടോര്‍ വാഹനവകുപ്പിനും, പാസില്ലാതെ വന്ന മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനും കൈമാറിയിട്ടുണ്ട്. 27 ക്വാറികളില്‍ ക്രമക്കേട് കണ്ടെത്തുകയും ചെയ്തു.ചിലയിടങ്ങളില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ക്രമക്കേടിന് ഒത്താശ ചെയ്യുന്നതായാണ് വിജിലന്‍സ് നിഗമനം. പരിശോധന സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് മേല്‍നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറും.