ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് കുതിയ്ക്കുന്നു. ഇന്ത്യ മുന്നോട്ടുവച്ച 191 റൺസിനു മറുപടിയുമായി ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് നിലവിൽ ലീഡ് നേടിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ 62/5 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ ആറാം വിക്കറ്റിൽ ജോണി ബെയർസ്റ്റോയും ഒലി പോപ്പും ചേർന്നാണ് കരകയറ്റിയത്. (england control india test)
ഏഴാം വിക്കറ്റിൽ മൊയീൻ അലി പോപ്പിന് പറ്റിയ പങ്കാളിയായി. 71 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളിയായി. ഒടുവിൽ രവീന്ദ്ര ജഡേജയുടെ പന്തിൽ മൊയീൻ മടങ്ങി. 35 റൺസെടുത്താണ് താരം പുറത്തായത്. എട്ടാം വിക്കറ്റിലെത്തിയ ക്രിസ് വോക്സും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് നേടിയിട്ടുണ്ട്. 57 റൺസാണ് ആതിഥേയരുടെ ലീഡ്. പോപ്പ് (80), വോക്സ് (17) എന്നിവർ ക്രീസിൽ തുടരുകയാണ്. 26 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ ഉയർത്തിയത്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 191 റൺസിന് പുറത്തായിരുന്നു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയും ഷാർദുൽ താക്കൂറും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസണും ചേർന്ന് തകർക്കുകയായിരുന്നു.



