കെ.കെ രമയ്ക്കെതിരായ എം.എം മണിയുടെ പ്രസ്താവനയില്‍ പ്രതികരിക്കാത്തതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. കാനം പെരുമാറുന്നത് ഘടകകക്ഷി നേതാവായിട്ടില്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ വിധേയനായിട്ടാണെന്ന് ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘പിണറായി സിപിഐയില്‍ അടിമകളെ ‘ഒണ്ടാക്കുന്നത്’ കൊണ്ടാണ് എംഎം മണി ആനിരാജയെ ആക്ഷേപിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിക്കാന്‍ കേരളത്തിലെ സിപിഐയുടെ സംസ്ഥാന നേതൃത്വം മുതിരാത്തത്.’
കാനം ഘടകകക്ഷി നേതാവായിട്ടല്ല പിണറായി വിജയന്റെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നത്. കമ്മ്യുണിസ്റ്റ് ഐക്യം എന്നാല്‍ പിണറായി വിജയന്റെ അടിമയാകലല്ല എന്ന് പറയാന്‍ ഒരു വെളിയം ഭാര്‍ഗവാനോ സ:ചന്ദ്രപ്പനോ ഇല്ലാതെ പോയതില്‍ സിപിഐ അണികള്‍ ദുഃഖിക്കുന്നുണ്ടാവും’ ഷാഫി കുറിച്ചു.
നിയമസഭയില്‍ എം.എം മണി നടത്തിയ പരാമര്‍ശത്തിന് അവിടെ തന്നെ പരിഹാരം കാണണമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്. എന്നാല്‍, വിഷയത്തില്‍ മണിക്കെതിരെ കടുത്ത നിലപാടായിരുന്നു സിപിഐ കേന്ദ്ര കമ്മിറ്റിയംഗം ആനി രാജ സ്വീകരിച്ചത്.



