കന്യാകുമാരി: കോൺഗ്രസിന്റെ ‘ഭാരത് ജോഡോ യാത്ര’ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ യാത്രയുടെ മൂന്നാം ദിവസം കന്യാകുമാരിയിൽവച്ച് നടന്ന രസകരമായ ഒരു സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്.

ഇന്നലെ ഉച്ചയ്ക്ക് കന്യാകുമാരിയിലെ മാർത്താണ്ഡത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളുമായി സംസാരിച്ചിരുന്നു. ഇതിനിടെ രാഹുൽ ഗാന്ധി തമിഴ്‌നാടിനെ സ്‌നേഹിക്കുന്നുണ്ടെന്ന് തങ്ങൾക്ക് അറിയാമെന്ന് സ്ത്രീകൾ പറഞ്ഞു.

കൂടാതെ ഒരു തമിഴ് പെൺകുട്ടിയെ വിവാഹം ചെയ്തുതരാമെന്നായിരുന്നു സ്ത്രീകൾ രാഹുൽ ഗാന്ധിയോട് പറഞ്ഞത്. ഈ ചിത്രങ്ങളാണ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തത്. ചിരിച്ചുകൊണ്ട് സ്ത്രീകളോട് സംസാരിക്കുന്ന രാഹുൽ ഗാന്ധിയാണ് ചിത്രത്തിലുള്ളത്.