റിയാദ്: ഒന്നര ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് കരുതപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഒരുങ്ങുകയാണ് സൗദി തലസ്ഥാനമായ റിയാദില്‍. റിയാദിലെ കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ നിര്‍മാണം 2030തോടെ പൂര്‍ത്തിയാവുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ആധുനികവുമായി മാറുമെന്ന് കരുതപ്പെടുന്ന ഈ വിമാനത്താവളം അദ്ഭുതകരമായ അനുഭവങ്ങളായിരിക്കും യാത്രക്കാര്‍ക്ക് സമ്മാനിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. ആറ് ഭീമന്‍ റണ്‍വേകള്‍ അടങ്ങുന്നതായിരിക്കും വിമാനത്താവളം. വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ വിവിധ മേഖളകളിലായി ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

23 ബില്യണ്‍ പൗണ്ട് ചിലവില്‍ നിര്‍മിക്കപ്പെടുന്ന പുതിയ വിമാനത്താവളം 57 ചതുരശ്ര കിലോമീറ്ററിലാണ് സ്ഥിതി ചെയ്യുക. ഇതോടൊപ്പം 12 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം യാത്രക്കാര്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവങ്ങള്‍ നല്‍കുന്നതിനായി റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ നിര്‍മിക്കുന്നതിനായി മാറ്റിവച്ചിട്ടുണ്ട്. ന്യുയോര്‍ക്കിലെ മിഡ് ടൗണ്‍ ബസ് ടെര്‍മിനലും ഫ്രാന്‍സിലെ മാഴ്‌സെ വിമാനത്താവളവും നിര്‍മിച്ച ഫോസ്റ്റര്‍ പ്ലസ് പാര്‍ട്‌ണേഴ്‌സ് എന്ന കമ്പനിക്കാണ് റിയാദ് വിമാനത്താവളത്തിന്റെ നിര്‍മാണച്ചുമതല.

പുതിയ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താനിരിക്കുന്ന എയര്‍ ലൈനുകള്‍ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിവര്‍ഷം 12 കോടിയോളം യാത്രക്കാര്‍ പുതിയ വിമാനത്താവളം ഉപയോഗപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. 2050 ആകുന്നതോടെ യാത്രക്കാരുടെ എണ്ണം 18 കോടിയിലധികം വര്‍ധിക്കുമെന്നും കണക്കാക്കപ്പെടുന്നു. ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങുന്ന സൗദി അറേബ്യ, ലോകത്തിലെ ഏറ്റവും വലിയ യാത്രാ കേന്ദ്രമായി മാറുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് പുതിയ വിമാനത്താവളത്തിന്റെ നിര്‍മാണം.