പി പി ചെറിയാൻ
ഒക്‌ലഹോമ ∙ ഒക്‌ലഹോമ സിറ്റി സ്കൂൾ ഡിസ്ട്രിക്ടിലെ എല്ലാ വിദ്യാർഥികളും, അധ്യാപക– അനധ്യാപകരും മാസ്ക് ധരിക്കണമെന്ന് ഒക്‌ലഹോമ സിറ്റി പബ്ലിക്ക് സ്കൂൾ സൂപ്രണ്ട് ഡീൻ മക്ക് ദാനിയേൽ നിർദേശിച്ചു. തിങ്കളാഴ്ച വിദ്യാലയങ്ങൾ തുറന്നുവെങ്കിലും, അതിനുശേഷം വിദ്യാർഥികളിൽ കോവിഡ് കണ്ടെത്തിയതിനെ തുടർന്നാണ് മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കേണ്ടി വന്നതെന്നും സൂപ്രണ്ട് പറഞ്ഞു.

സ്കൂൾ തുറന്ന ദിവസം 4 വിദ്യാർഥികളിൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ വ്യാഴാഴ്ച അത് 119 ആയി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാസ്ക് നിർബന്ധമാക്കിയത് സംസ്ഥാന ഗവർണറുടെ ഉത്തരവ് ലംഘിക്കുന്നുവെന്ന് കരുതുന്നില്ലെന്നും കുട്ടികളുടെ സുരക്ഷിതത്വത്തിനാണ് പ്രധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അധ്യാപകർക്കു 1000 ഡോളർ പരിതോഷികം നൽകുമെന്നും സൂപ്രണ്ട് പറഞ്ഞു. ഒക്‌ലഹോമ സിറ്റിയുടെ മാസ്ക്ക് മാൻഡേറ്റിനെ ചോദ്യം ചെയ്തു വ്യാഴാഴ്ച കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും എന്നാൽ ലൊ സ്യൂട്ടിനെ എതിർക്കുന്നതിന് തുൾസാ സ്കൂൾ ബോർഡ് അറ്റോർണിയെ ചുമതലപ്പെടുത്തുമെന്നും സൂപ്രണ്ട് പറഞ്ഞു.