യുഎഇയിൽ നടക്കുന്ന ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ ഇംഗ്ലണ്ട് താരങ്ങൾ പങ്കെടുക്കും. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായും മികച്ച ബന്ധമാണ് ഇത് സാധ്യമാക്കിയതെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ഇംഗ്ലണ്ടിൻ്റെ ബംഗ്ലാദേശ് പര്യടനം മാറ്റിവച്ചതിനെ തുടർന്ന് ഇംഗ്ലണ്ട് താരങ്ങൾക്ക് ഐപിഎലിൽ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ധാക്കയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്നാണ് സെപ്തംബർ- ഒക്ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന പര്യടനം അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചത്. പിന്നീട് ബംഗ്ലാദേശ് പര്യടനം 2023 മാർച്ചിലേക്ക് മാറ്റിവച്ചതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

നേരത്തെ, താരങ്ങൾ ഐപിഎലിൽ കളിക്കില്ലെന്ന് ഇംഗ്ലണ്ട് മെൻസ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആഷ്ലി ജൈൽസ് വ്യക്തമാക്കിയിരുന്നു. ആ സമയത്ത് ദേശീയ ടീമിന് മത്സരങ്ങൾ ഉണ്ടെന്നും അതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പരമ്പര മാറ്റിവെക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചതോടെ താരങ്ങൾക്ക് ഐപിഎലിൽ പങ്കെടുക്കാൻ വഴി തെളിഞ്ഞിരിക്കുകയാണ്.

അതേസമയം, ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ ന്യൂസീലൻഡ് താരങ്ങൾ പങ്കെടുക്കുമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് തലവൻ ഡേവിഡ് വൈറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഐപിഎൽ നടക്കുന്ന സമയത്ത് പാക് പരമ്പര ഉണ്ടെങ്കിലും അതിനു പകരം താരങ്ങൾ ഐപിഎൽ കളിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കെയിൻ വില്ല്യംസൺ, ട്രെൻ്റ് ബോൾട്ട്, ജെയിംസ് നീഷം, ലോക്കി ഫെർഗൂസൻ എന്നീ താരങ്ങൾക്കാണ് ഐപിഎലിൽ പങ്കെടുക്കാൻ അനുമതി. ആർസിബിയുടെ യുവതാരം ഫിൻ അലൻ കളിക്കുമോ എന്നതിൽ വ്യക്തതയില്ല.

എന്നാൽ, ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐപിഎലിൽ പങ്കെടുത്തേക്കില്ല. ശ്രീലങ്കൻ പര്യടനം ഉള്ളതിനാലാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐപിഎലിനെത്തുന്ന കാര്യം സംശയത്തിലായിരിക്കുന്നത്.

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.