ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് ഇനി മൂന്ന് നാള് മാത്രമാണ് കാത്തിരിക്കേണ്ടത്. ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ഇതിന്റെ ആവേശത്തിലാണ്. പാകിസ്ഥാനെതിരായ പോരാട്ടം ഇന്ത്യന്‍ മുന്‍ നായകന് വിരാട് കോഹ്ലിയുടെ നൂറാം ടി20 മത്സരമാണ്. അതിനാല്‍ തന്നെ വമ്പന്‍ മാറ്റവുമായാണ് താരം പാകിസ്ഥാനെതിരായ പോരാട്ടത്തിന് ഇറങ്ങുന്നത്.
തന്റെ ബാറ്റിലാണ് കോഹ്ലി ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുകയാണ്. എംആര്‍എഫ് ജീനിയസ് ബാറ്റാണ് കോഹ്ലി ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ എംആര്‍എഫ് ഗോള്‍ഡ് വിസാര്‍ഡ് ബാറ്റിലേക്ക് കോഹ്ലി മാറാന്‍ ഒരുങ്ങുകയാണ്.
എംആര്‍എഫ് ജീനിയസ് ബാറ്റിന്റെ ഭാരം 1.1 കിലോഗ്രാമായിരുന്നു. എന്നാല്‍ പുതിയ ബാറ്റിന്റെ ഭാരം 1.15 കിലോഗ്രാമാണ്. സച്ചിന് ടെണ്ടുല്‍ക്കര്‍ ഉപയോഗിച്ചിരുന്നത് പോലെ അല്‍പ്പം ഭാരം കൂടിയ ബാറ്റ് ഉപയോഗിക്കാനാണ് കോഹ്ലി ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.
ഭാരം കൂടുതലുള്ള ബാറ്റ് ഉപയോഗിക്കുന്നത് കൂടുതല്‍ വേഗത്തില്‍ പന്തിനെ ബൗണ്ടറിയിലേക്ക് പായിക്കാന്‍ സഹായിക്കും. 100ാം മത്സരത്തില്‍ പുത്തന്‍ ബാറ്റിലിറങ്ങി താരം ഫോം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകലോകം.
ഈ മാസം 28ന് ദുബായിലാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. അവസാനമായി 2021ലെ ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക് നിരക്കായിരുന്നു. ഇതിന് പകരംവീട്ടാനുറച്ചാണ് ഇന്ത്യ ഏഷ്യാ കപ്പിനിിറങ്ങുന്നത്.



