കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണത്തിലെ സ്വര്‍ണമുത്തുകള്‍ കാണാതായി. ഏറ്റുമാനൂരപ്പന്‍റെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണത്തിലെ സ്വര്‍ണമുത്തുകളാണ് കാണാതായത്. പുതിയ മേല്‍ശാന്തി സന്തോഷ് ചുമതലയേറ്റപ്പോള്‍ നടത്തിയ പരിശോധനയിലാണ് കാണാതായ വിവരം പുറത്തറിഞ്ഞത്.

ചുമതല കൈമാറുന്നതിന്‍റെ ഭാഗമായി മേല്‍ശാന്തി സന്തോഷ് ആവശ്യപ്പെട്ട പ്രകാരമാണ് പരിശോധന നടത്തിയത്. 75 പവന്‍ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാലയാണ് വിഗ്രഹത്തില്‍ ചാര്‍ത്തുന്നത്. സ്വര്‍ണാഭരണത്തില്‍ ആകെ 82ഒാളം മുത്തുകളാണുള്ളത്. ഇതില്‍ ഒമ്ബതോളം മുത്തുകള്‍ കാണുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഒരു മുത്തിന് 23 ഗ്രാം തൂക്കം വരും.

സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസം ദേവസ്വം കമീഷണര്‍ ക്ഷേത്രം സന്ദര്‍ശിക്കും.