കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ എതിര്‍ക്കുന്നവരെയെല്ലാം നിഷ്‌ഠൂരമായാണ് നേരിടുന്നത്. ഇന്നലെ 150 അംഗ ഇന്ത്യന്‍ സംഘത്തെ പിടികൂടിയെങ്കിലും പിന്നീട് അവരെ വിട്ടയച്ചു. എന്നാല്‍ സ്വന്തം പൗരന്മാരോട് അത്ര മര്യാദയോടെയല്ല താലിബാന്റെ പെരുമാറ്റം.
താലിബാന്‍ ഭീകരര്‍ തകര്‍ത്തുകളഞ്ഞ തന്റെ വീട്ടില്‍ നിന്നും തന്നെയും കുടുംബത്തെയും രക്ഷിച്ചത് ഇന്ത്യന്‍ വ്യോമസേനയുടെ കൃത്യസമയത്തുളള ഇടപെടലാണെന്ന് പറയുകയാണ് അഫ്ഗാനിലെ ഒരു വീട്ടമ്മ. സംഘര്‍ഷബാധിത സ്ഥലത്ത് നിന്നും വായുസേന ഇടപെട്ട് ഒഴിപ്പിച്ച് ഇന്ത്യയിലെത്തിച്ച 168 അംഗ സംഘത്തിലെ ഒരാളാണ് ഈ വീട്ടമ്മ.
വീട് തീയിട്ട താലിബാനില്‍ നിന്നും ഇന്ത്യ തന്നെയും തന്റെ മക്കളെയും പേരക്കുട്ടികളെയുംം രക്ഷിച്ചതായി വീട്ടമ്മ പറയുന്നു. ഉത്തര്‍പ്രദേശിലെ ഹിന്ദോണ്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനിലാണ് ഇവര്‍ ഇപ്പോഴുളളത്. അഫ്ഗാനിസ്ഥാനിലെ സിഖ് എംപിയായ നരേന്ദര്‍ സിംഗ് ഖല്‍സ കഴിഞ്ഞ 20 വര്‍ഷമായി രാജ്യം നേടിയ വികസനമെല്ലാം താലിബാന്‍ തകര്‍ത്തുവെന്ന് വിഷമിക്കുന്നു.
ഇന്ത്യയിലെത്തിയ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് പോളിയോ ഉള്‍പ്പടെ വിവിധ രോഗങ്ങള്‍ക്കുളള സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും അറിയിച്ചു.



