മീററ്റ്: പഞ്ചാബിലെ മൊഗാ മേഖലയില്‍ പതിവ് പരിശീലന പറക്കലിനിടെ മിഗ്-21 വിമാനം തകര്‍ന്നു വീണ് പൈലറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണയുമായി സൈനികന്റെ പിതാവ്. അഭിനവ് ചൗധരിയുടെ പിതാവ് സതേന്ദ്ര ചൗധരിക്ക് പറയാനുള്ളത് സര്‍ക്കാരിനോടാണ്. ഇനിയെങ്കിലും കാലഹരണപ്പെട്ട ഇത്തരം വിമാനങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ചൗധരി വ്യക്തമാക്കുന്നു.
‘എനിക്ക് എല്ലാം നഷ്ടപ്പെട്ടു, ഇനിയെങ്കിലും കാലഹരണപ്പെട്ട ഇത്തരം വിമാനങ്ങള്‍ സര്‍കാര്‍ പിന്‍വലിക്കണം, മറ്റുള്ളവരുടെ ജീവന്‍കൂടി ഇനിയും നഷ്ടപ്പെടരുത്. അവ നിര്‍ത്താന്‍ ഞാന്‍ സര്‍ക്കാരിനോട് കൂപ്പുകൈകളോടെ അഭ്യര്‍ത്ഥിക്കുന്നു’അദ്ദേഹം പറഞ്ഞു. അഭിനവിന്റെ അമ്മയ്ക്കും സഹോദരിക്കും ഭാര്യ സോണിക ചൗധരിക്കുമൊപ്പമാണ് സതേന്ദ്ര ചൗധരി ഇങ്ങനെ പറഞ്ഞത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. സ്ക്വാഡ്രണ്‍ ലീഡര്‍ അഭിനവിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായി വ്യോമസേന അറിയിച്ചു.



