കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര എതിരാളികളെ വിറളി പിടിപ്പിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. യാത്ര എതിരാളികളെ ചൊടിപ്പിച്ചത് കൊണ്ടാണ് രാഹുല്‍ ധരിച്ച ടീ ഷര്‍ട്ടും ബനിയനും ചൂണ്ടിക്കാട്ടി പുതിയ വിവാദം ഉയര്‍ത്തുന്നതെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. ഇതാണോ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ചെയ്യേണ്ടത്, ഭാരത് ജോഡോ യാത്രക്ക് നല്‍കിയ സ്വീകരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ജനാധിപത്യ ശബ്ദവും പ്രതിപക്ഷ ശബ്ദവും വേണ്ടെന്ന നിലപാടിലാണെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെയാണ് കോണ്‍ഗ്രസിന്റെ യാത്ര. ജനങ്ങള്‍ക്കിടയില്‍ സ്‌നേഹം പടര്‍ത്തുകയാണ് ഈ യാത്രയുടെ ലക്ഷ്യം.



