മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും രോഗികളുടെ കൂട്ടമരണം. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ 108 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ ഒരു കൈക്കുഞ്ഞുള്‍പ്പെടെ 11 രോഗികളാണ് ആശുപത്രിയില്‍ മരിച്ചത്. ആശുപത്രിയില്‍ സെപ്റ്റംബര്‍ അവസാനത്തിലും ഒക്ടോബര്‍ തുടക്കത്തിലുമായി 48 മണിക്കൂറിനുള്ളില്‍ 31 രോഗികളുടെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സെന്‍ട്രല്‍ നന്ദേഡിലെ ഡോ. ശങ്കര്‍റാവു ചവാന് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.
അതേസമയം മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്ന് ആവര്‍ത്തിക്കുകയാണ് ആശുപത്രി അധികൃതര്‍. ‘കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 1,100-ലധികം രോഗികളെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. ഇതില്‍ 191 പുതിയ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4 മണിക്കൂറിനുള്ളിലെ ശരാശരി മരണനിരക്ക് മുമ്പ് 13 ആയിരുന്നു, അത് ഇപ്പോള്‍ 11 ആയി കുറഞ്ഞു. ജനന വൈകല്യങ്ങളോടെ ജനിച്ച കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചിട്ടുണ്ട്. മതിയായ മരുന്നുകള്‍ ആശുപത്രിയില്‍ സംഭരിച്ചിട്ടുണ്ട്. സ്റ്റാഫ് എല്ലാ രോഗികളെയും സഹായിക്കുന്നുണ്ട്’, ആശുപത്രി ഡീന്‍ ശ്യാം വാക്കോട് പ്രതികരിച്ചു. ആശുപത്രി ബജറ്റിനെ ആശ്രയിച്ച് സാധാരണയായി മൂന്ന് മാസത്തേക്കുള്ള സ്റ്റോക്ക് കരുതാറുണ്ട്. മരുന്ന് ക്ഷാമം മൂലം ഒരു രോഗിയും മരിച്ചിട്ടില്ലെന്നും ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണങ്ങള് സംഭവിച്ചതെന്നും ആശുപത്രി ഡീന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് രംഗത്തെത്തി. 60 ലധികം ശിശുക്കളെ നന്ദേഡ് ആശുപത്രിയിലെ നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ (എന്‍ഐസിയു) പ്രവേശിപ്പിച്ചു. എന്നാല്‍ കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ മൂന്ന് നഴ്സുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഒരേസമയം മൂന്ന് കുഞ്ഞുങ്ങളെ ചികിത്സിക്കാന്‍ ഒരു വാമര്‍ ഉപയോഗിച്ചുവെന്നും നന്ദേഡ് ജില്ലയിലെ ഭോക്കറില്‍ നിന്നുള്ള എംഎല്‍എ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ആശുപത്രി ഡീനിനും ഡോക്ടർമാർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. സെപ്തംബർ 30 മുതൽ 48 മണിക്കൂറിനുള്ളിൽ ശിശുക്കളുൾപ്പെടെ 31 പേരും ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലായി ആറ് മരണങ്ങളും രേഖപ്പെടുത്തിയിരുന്നു. അന്ന് മരിച്ച ഒരു യുവതിയുടെയും നവജാത ശിശുവിന്റേയും ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി ഡീൻ ശ്യാം വാകോഡിനും ചുമതലയിലുണ്ടായിരുന്ന മറ്റ് ഡോക്ടർമാർക്കുമെതിരെയും പോലീസ് കേസെടുത്തത്. ആശുപത്രി അധികൃതരുടെ അശ്രദ്ധയും മരുന്നുകളുടെ കുറവുമാണ് മരണത്തിന് കാരണമെന്ന് രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു.
അതേസമയം മരണകാരണം കണ്ടെത്താൻ അന്വേഷണ സമിതിയെ നിയമിക്കുമെന്നും അടുത്ത 15 ദിവസത്തിനുള്ളിൽ ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഹസൻ മുഷ്രിഫ് പറഞ്ഞു. ആശുപത്രിയിൽ മരുന്നുകൾക്ക് ക്ഷാമമില്ലെന്നും ആരുടെയെങ്കിലും അശ്രദ്ധമൂലമാണ് മരണം സംഭവിച്ചതെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ കോൺഗ്രസ് മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഇത് സർക്കാർ അനാസ്ഥയാണെന്നും, രോഗികൾക്കായി യഥാസമയം മരുന്നുകൾ എത്തിക്കാത്തത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു.
അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മരണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനത്തെക്കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദ്യങ്ങള്‍ ഉന്നയിച്ചു. എക്സിലൂടെ അദ്ദേഹം മരണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി.
‘മരുന്നിന്റെയും ചികിത്സയുടെയും അഭാവം മൂലമാണ് ഈ രോഗികള്‍ മരിച്ചതെന്ന് പറയപ്പെടുന്നു. 2023 ഓഗസ്റ്റില്‍ താനെയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ സമാനമായ ഒരു സംഭവം നടന്നിരുന്നു, അതില്‍ 18 രോഗികള്‍ മരിച്ചു. ഇരകളുടെ കുടുംബങ്ങളോട് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനത്തില്‍ ഒരു ചോദ്യചിഹ്നം ഉയര്‍ത്തിയിട്ടുണ്ട്,’ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ നന്ദേഡ് ആശുപത്രി ഡീനിനെ കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ച സംഭവത്തിൽ ശിവസേന എംപി ഹേമന്ത് പാട്ടീലിനെതിരെ കേസെടുത്തു. ജോലി തടസ്സപെടുത്തിയതിനും അപകീർത്തിപ്പെടുത്തിയതിനുമെതിരെ ഡീൻ നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്ത കൂട്ടമരണത്തെത്തുടർന്ന് ആശുപത്രി സന്ദർശനത്തിനെത്തിയ പാട്ടീൽ വൃത്തിഹീനമായ ശുചിമുറി കണ്ട് പ്രകോപിതനാവുകയായിരുന്നു. തുടർന്ന് ഡീനിനോട് ശുചിമുറി വൃത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ചൂലുപയോഗിച്ച് ശുചിമുറി വൃത്തിയാക്കുന്ന ഡീനിന്റെ ചിത്രങ്ങൾ സഹിതം വാർത്തകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഇയാൾക്കെതിരെ ജോലി തടസ്സപെടുത്തൽ, ബലപ്രയോഗം, അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ എന്നിവ പാട്ടീലിനെതിരെ ചുമത്തിയിട്ടുണ്ട്. ആശുപത്രിയിലെ കൂട്ടമരണത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ആശുപത്രി സന്ദർശനത്തിന് മുന്നോടിയായി ആശുപത്രിയിലെത്തിയ പാട്ടീലിന്റെ ശ്രദ്ധയിൽ പെട്ടത് വൃത്തിഹീനമായ നിലയിലുണ്ടായിരുന്ന ശുചിമുറിയാണ്. ഇതോടെയാണ് വൃത്തിയാക്കാൻ ആശുപത്രി ഡീനോട് എം പി ആവശ്യപ്പെട്ടത്. മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പാട്ടീൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ രോഗികൾ മരിച്ച സംഭവം സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുംബൈയിൽ നടന്ന പ്രതിവാര ക്യാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഷിൻഡെ ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയിൽ മരുന്നുകളുടെയും ജീവനക്കാരുടെയും കുറവുണ്ടെന്ന അവകാശവാദങ്ങൾ ഷിൻഡെ നിഷേധിച്ചു, ആവശ്യത്തിന് മരുന്ന് സ്റ്റോക്കും മെഡിക്കൽ സ്റ്റാഫും ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.



