വാഷിംഗ്ടണ്‍: 2023 സാമ്പത്തിക വര്‍ഷത്തേക്ക് നിര്‍ദേശിച്ചിരുന്ന എണ്ണം എച്ച് 1 ബി വിസയ്ക്കുള്ള അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഈ സാമ്പത്തിക വര്‍ഷത്തില്‍ 65000 വിസകള്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. ഇത്രയും എണ്ണം അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞതായി കുടിയേറ്റ സേവനങ്ങള്‍ക്കുള്ള ഏജന്‍സി വ്യക്തമാക്കി.
വിവിധ മേഖലകളില്‍ വിദഗ്ധരായ വിദേശ തൊഴിലാളികളെ ജോലിക്കു നിയമിക്കുന്നതിന് അമേരിക്കന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന കുടിയേറ്റത്തിനല്ലാത്ത വിസയാണ് എച്ച് 1 ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ആയിരക്കണക്കിന് വിദഗ്ധരായ തൊഴിലാളികളെയാണ് വിവിധ അമേരിക്കന്‍ ശാസ്ത്ര സാങ്കേതിക കമ്പനികള്‍ നിയമിക്കുന്നത്.
നിര്‍ദിഷ്ട എണ്ണം അപേക്ഷകള്‍ ലഭിച്ചെങ്കിലും ഫെഡറല്‍ ഏജന്‍സി തുടര്‍ന്നുവരുന്ന അപേക്ഷകളും സ്വീകരിക്കുന്നുണ്ട്. നിലവിലുള്ള വിസയില്‍ അമേരിക്കയില്‍ കഴിയുന്ന വിദേശ തൊഴിലാളികള്‍ക്ക് ഇതേ വിസയില്‍ തൊഴില്‍ദാതാവിനെ മാറ്റുന്നതിനും സാധിക്കും.



