തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ ഗാര്‍ഹിക പീഡന പരാതി പറഞ്ഞ യുവതിയെ അപമാനിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ പി. സി ജോര്‍ജ്. സര്‍ക്കാര്‍ ഇടപെട്ട് അവരെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കണമെന്നും അത് വരെ വനിതാ കമ്മീഷന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പഴയ പ്രസ്താവനയുടെ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
‘അമ്മായിയമ്മയുടെയും ഭര്‍ത്താവിന്റെയും പരാതി പറയാന്‍ കേരള വനിതാ കമ്മീഷനെ വിളിച്ച ശേഷം പെണ്‍കുട്ടി – ‘ഇതിലും ഭേദം അമ്മയി അമ്മയാണ്, എനിക്ക് പരാതി ഇല്ല’.- ജോസഫൈനെ പരിഹസിച്ച് പി സി ജോര്‍ജ് ഫേസ്‌ബുക്കില്‍ കുറിച്ചു. ജോസഫൈനെ കുറിച്ച് പണ്ട് താന്‍ പറഞ്ഞത് ഒന്നും ഒട്ടും കൂടി പോയിട്ടില്ലെന്നും ഇത്തിരികൂടി കടുപ്പിക്കാത്തതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നുമാണ് പി സി ജോര്‍ജ് പറയുന്നത്.
ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തത്സമയം പരാതി നല്‍കാനായി വാര്‍ത്താചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ അപമര്യാദയായി പെരുമാറിയത്. യുവതി സംസാരിച്ച് തുടങ്ങിയത് മുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് എം.സി ജോസഫൈന്‍ പെരുമാറിയത്.
ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. കുട്ടികളില്ലെന്നും ഭര്‍ത്താവിനൊപ്പം അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന്‍ ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍. ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു എം.സി.ജോസഫൈന്‍റെ പ്രതികരണം. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.



