വിവിധ കേസുകളിലായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. തുടർച്ചയായി രണ്ടാം ദിവസമായിരുന്നു ചോദ്യം ചെയ്യൽ. കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ 11 മണിക്കൂറോളമാണ് നീണ്ടത്. അടുത്ത ചൊവ്വാഴ്ച ഹാജരാകാൻ വീണ്ടും നിർദേശം നൽകിയിട്ടുണ്ട്. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
സ്വർണക്കള്ളക്കടത്ത് കേസ് ഉന്നത സ്വാധീന ശക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധമുള്ള ഉന്നതരിലേക്കും ഉയർന്ന രാഷ്ട്രീയ പൊതുവ്യക്തികളിലേക്കും എത്തിച്ചേരാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയെ എതിർത്താണ് കസ്റ്റംസ് കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
അതേസമയം കേസിൽ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവർക്കെതിരെ കോഫെപോസ കുറ്റം ചുമത്താൻ ആഭ്യന്തരമന്ത്രാലയം കസ്റ്റംസിന് അനുമതി നൽകി. പതിവായി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അതിൽ നിന്ന് തടയുന്നതിനുളള നിയമമാണിത്. ഇതനുസരിച്ച് പ്രതികളെ ഒരു വർഷം വരെ വിചാരണ കൂടാതെ തടവിൽ ഇടാനാകും.