ദോഹ: ലോകാദരങ്ങളിൽ വാഴുന്നവനായ സുൽത്താന്റെ കിരീട ധാരണം. ലോകം മുഴവൻ നേടിയിട്ടും ആത്മാവിനെ നഷ്ടമാക്കിയവനെന്ന മുറിപ്പാട് ലയണൽ ആൻഡ്രെസ് മെസിയെന്ന കുറിയ വലിയ മനുഷ്യൻ മായിച്ചുകളഞ്ഞിരിക്കുന്നു. അതെ, ഇത് നിയോഗം. മണൽപ്പരപ്പുകൾക്ക് മേലെ, ഈത്തപ്പനയോലകൾക്ക് മേലെ ആൽബിസെലെസ്റ്റെന്റെ സൂര്യൻ ജ്വലിച്ച രാവിൽ, ഫ്രഞ്ച് പടയെ അർജന്റീനയുടെ ഇളംനീലകുപ്പായക്കാർ ജയിച്ചിരിക്കുന്നു.
അധികസമയവും കഴിഞ്ഞ് മുന്നേറിയ തീപാറുന്ന പോരാട്ടത്തിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന മറികടന്നത്. ക്വാർട്ടറിൽ പോളണ്ടിനെ തടുത്തിട്ട എമിലാനോ മാർട്ടീനസ് വീണ്ടും ആൽബിസെലെസ്റ്റെന്റെ രക്ഷകനായി.
കോമാന്റെ കിക്ക് എമിലാനോ തടിത്തിട്ടപ്പോൾ ഓറലീൻ ചൗമേനിയുടെ കിക്ക് പുറത്തേക്ക്. അവസാന നിമിഷംവരെ പൊരുതിയ ഫ്രാൻസിൽനിന്നും ലോകകപ്പ് അകന്നുപോയിരിക്കുന്നു. കിടിലൻ കളിയുമായി കളംനിറഞ്ഞ കിലിയൻ എംബാപ്പെയുടെ ഹാട്രിക് വിഫലം. പെനാൽറ്റി ഷൂട്ടൗട്ടിൽ മെസി, ഡിബാല, പരദേസ്, മോണ്ടിയാൽ എന്നിവരുടെ കിക്ക് ലക്ഷ്യം കണ്ടു. ഫ്രാൻസിനായി എംബാപ്പെയും റാണ്ടാൽ കോലോ മൗനിയും മാത്രമാണ് അർജന്റീന പോസ്റ്റിൽ പന്ത് എത്തിച്ചത്.



