കണ്ണൂര്‍: ഉളിക്കല്‍ നെല്ലിക്കാപൊയില്‍ സ്വദേശി ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് ഉളിക്കല്‍ ടൗണില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ജോസിന്റെ ശരീരത്തില്‍ ആന ചവിട്ടിയ പാടുകള്‍ ഉണ്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ബുധനാഴ്ച കാട്ടാന ഓടിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വനാതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയായുള്ള ഉളിക്കലില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കാട്ടാന എത്തിയത്.
ബുധനാഴ്ച രാവിലെ വിറളിപിടിച്ച് ആന പരക്കം പാഞ്ഞത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഒരു പകല്‍ മുഴുവന്‍ നീണ്ടു നിന്ന ശ്രമത്തിനൊടുവിലാണ് കര്‍ണാടക വനത്തിലേക്ക് ആനയെ കയറ്റിവിട്ടത്.
ആന ഓടിയ വഴിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ആന സഞ്ചരിച്ച വഴിയില്‍ നിന്ന് മാറാന്‍ ജോസിനോട് സുഹൃത്തുക്കള്‍ പറയുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.



