മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാരച്ചടങ്ങ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകില്ല നടക്കുക. സംസ്‌കാരച്ചടങ്ങ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുമ്പോള്‍ വേണ്ടെന്ന നിലപാടാണ് കുടുംബത്തിന്. സംസ്കാര ചടങ്ങില്‍ ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഭാര്യ മറിയാമ്മ ഉമ്മൻ പൊതുഭരണവകുപ്പിന് കത്ത് നൽകിയത്. ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നാണ് കത്തില്‍ പറഞ്ഞത്. എന്നാല്‍ സംസ്കാര ചടങ്ങ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കുടുംബത്തിന്റെ അഭിപ്രായം തേടാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കുടുംബത്തിന്റെ നിലപാട് അനുസരിച്ച് മതപരമായ ചടങ്ങുകള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മരണത്തിലും സാധാരണക്കാരനാകാന്‍ ആഗ്രഹിച്ചിരുന്നു അപ്പ. അതുകൊണ്ടാണ് സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ വേണ്ട എന്ന് പറഞ്ഞതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിട്ടുണ്ട്. ജനങ്ങള്‍ നല്‍കുന്ന യാത്രാമൊഴിയാണ് അപ്പയ്ക്കു കിട്ടുന്ന ഏറ്റവും വലിയഅംഗീകാരമെന്ന് മകള്‍ അച്ചു ഉമ്മനും പ്രതികരിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന ബഹുമതികള്‍ സംസ്കാര ചടങ്ങില്‍ ഒഴിവാക്കിയത്.
ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തും. ഡൽഹിയിൽ ഉള്ള രാഹുൽ വ്യാഴാഴ്ച പുതുപ്പള്ളിയിൽ എത്തുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിട്ടുണ്ട്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ അന്ത്യോപചാരം അര്‍പ്പിക്കാനായി ബെംഗളൂരുവിലെത്തിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തേക്ക് പ്രത്യേക വിമാനത്തിൽ മൃതദേഹം എത്തിക്കുകയായിരുന്നു.
തലസ്ഥാനത്ത് ഇന്നലെ പൊതുദർശനം കഴിഞ്ഞ ശേഷം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചത്. ജനസാഗരമായി മാറുകയാണ് വിലാപയാത്ര. ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ടനേതാവിനെ ഒരു നോക്ക് കാണാൻ വേണ്ടി കണ്ണീരോടെ കാത്തിരിക്കുന്നത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം വ്യാഴാഴ്ച ഒരു മണിയോടെ പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. അർബുദത്തിന് ചികിത്സയിലിരിക്കെ, ബംഗളുരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം 4.30 ഓടെ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. അന്ത്യ സമയത്ത് ഭാര്യ മറിയാമ്മ ഉമ്മനും മക്കളായ മറിയ, ചാണ്ടി, അച്ചു എന്നിവരും പേരക്കുട്ടികളും അടുത്തുണ്ടായിരുന്നു.



