കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദഗ്ദ്ധ ചികിത്സയ്ക്കായി ജർമനയിലേക്ക് പോകും. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നിലവിൽ ആലുവ പാലസിൽ വിശ്രമത്തിലാണ് അദ്ദേഹം. ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങൾ ഉമ്മൻചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും തള്ളിക്കളഞ്ഞു.
ഉമ്മൻചാണ്ടിക്ക് വേണ്ടവിധത്തിലുള്ള ചികിത്സ നൽകുന്നില്ലെന്നടക്കമുള്ള ആരോപണങ്ങളായിരുന്നു ഉയർന്നിരുന്നത്. ഇത് ശരിയല്ലെന്ന് ഉമ്മൻചാണ്ടി തന്നെ വ്യക്തമാക്കി. ആളുകൾക്ക് അദ്ദേഹത്തോട് സ്നഹം കാണും. എന്നാൽ പല കാര്യങ്ങളും മനസ്സിലാക്കാതെയാണ് പ്രചാരണങ്ങൾ നടത്തുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും മകൻ ചാണ്ടി ഉമ്മൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
‘ഇത്തരം പ്രചാരണങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് വിഷമമുണ്ട്. ഉമ്മൻ ചാണ്ടിക്ക് ഈ ആസുഖം നേരത്തെയും വന്നിട്ടുണ്ട്. 2015-ലും 2019-ലും അസുഖം വന്നിട്ടുണ്ട്. അന്ന് ഒമ്പത് മാസം കഴിഞ്ഞിട്ടാണ് പോയത്. 2015-ൽ വന്നപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019-ൽ വന്നപ്പോൾ യുഎസിലും ജർമനിയിലും ചികിത്സയ്ക്കായി പോയി. ജർമനിയിൽ പോയപ്പോൾ എല്ലാ പരിശോധനകളും നടത്തിയ ശേഷം ഡോക്ടർ ചോദിച്ചു, എന്ത് അസുഖത്തിനാണ് നിങ്ങൾ വന്നതെന്ന്… വിദേശത്ത് പോയാൽ മതിയെന്ന് ഇന്ന് അഭിപ്രായത്തിൽ എത്താൻ കാരണം ആ ചോദ്യമാണ്. സീരിയസ് ചികിത്സ നൽകാനാണ് അന്ന് പോയത്. ആ ചികിത്സ എടുത്തിരുന്നെങ്കിൽ അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ഗുരുതരമായിരുന്നേനെ’, ചാണ്ടി ഉമ്മൻ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കുന്നവർക്ക് ഇത് രണ്ടുതവണ വന്ന രോഗമാണെന്നും ഇത് തനിയെ പോയതാണെന്നും അറിയില്ല. വിദേശത്തടക്കം പാർശ്വഫലങ്ങളില്ലാത്ത ചികിത്സ കിട്ടുന്നത് സംബന്ധിച്ചാണ് തങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ് മികച്ചതെന്ന് നോക്കി അവടെ ചികിത്സിക്കാം എന്നതാണ് ആഗ്രഹം. കേൾക്കുന്ന ആളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്. പാർട്ടി നേതൃത്വവും കുടുംബവും ചേർന്നാണ് വിദേശത്തേക്ക് ചികിത്സയ്ക്ക് പോകാമെന്ന് തീരുമാനിച്ചത്. ‘അദ്ദേഹം എന്റെ പിതാവാണ്’ അത് മാത്രമാണ് വിമർശിക്കുന്നവരോട് പറയാനുള്ളതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.



