കോഴിക്കോട്: ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ കോവിഡ് പ്രോടോകോള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ നടന്മാരായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കും എതിരെ എലത്തൂര്‍ പൊലീസ് കേസെടുത്തു. മേത്ര ആശുപത്രിയില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെ കോവിഡ് പ്രോടോകോള്‍ പാലിക്കാത്തതിനെതിരെയാണ് കേസ് എടുത്തത്.
റോബോടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എത്തിയ ഇരുവരും ആള്‍ക്കൂട്ടമുണ്ടാക്കി എന്നാണ് കേസ്. ചൊവ്വാഴ്ച ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് ആശുപത്രി കാണുന്നതിനിടെ ഇരുവരും തീവ്ര പരിചരണ വിഭാഗത്തില്‍ എത്തി. ഇവിടേക്കുള്ള വഴിയില്‍ ആളുകള്‍ കൂട്ടം കൂടി. ഉദ്ഘാടന ചടങ്ങ് കോവിഡ് പ്രോടോകോള്‍ പാലിച്ചായിരുന്നു നടന്നത്.
അതിന് ശേഷമാണ് ആള്‍ക്കൂട്ടം കൂടിയത്. സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്‌മെന്റ് എന്നിവര്‍കെതിരെയും കേസുണ്ട്. 300 ഓളം പേര്‍ കൂടിയിരുന്നതായി കേസ് എടുത്ത എലത്തൂര്‍ എസ് ഐ കെ ആര്‍ രാജേഷ് കുമാര്‍ അറിയിച്ചു.
പകര്‍ച്ചവ്യാധി നിയമത്തിലെ സെക്ഷന്‍ നാല്, അഞ്ച്, ആറ് പ്രാകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ടുവര്‍ഷം തടവോ 10,000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.



