കൊല്ലം: അഞ്ചല്‍ സ്വദേശിയായ ഉത്ര പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക മൊഴി ലഭിച്ചതായി സൂചന. പാമ്ബ് കടിയേറ്റ ഉത്രയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരാണ് സൂരജിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. ഇതിനിടെ പാമ്ബിനെ വിലയ്ക്ക് വാങ്ങിയതിനും അതിനെ കൊന്നതിനും സൂരജിനെതിരെ വനം വകുപ്പും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മാത്രമല്ല ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മ രേണുകയെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാനായി പ്രത്യേക ചോദ്യാവലിതന്നെ തയാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

മുന്‍പും പലതവണ സൂരജിന്റെ അമ്മയേയും സഹോദരിയേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഗാര്‍ഹിക പീഡന നിയമപ്രകാരം വീട്ടുകാര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്രാവധക്കേസില്‍ ഇതുവരെ മൂന്ന് അറസ്റ്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂരജ്, സൂരജിന്റെ അച്ഛന്‍ പിന്നെ സൂരജിന് പാമ്ബിനെ കൊടുത്ത സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.

കേസില്‍ സാക്ഷികള്‍ ഇല്ലാത്തത്തിനാല്‍ കിട്ടാവുന്നത്രേം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച്‌ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. ഇതിനിടയില്‍ റിമാന്‍ഡിലുള്ള സൂരജിനേയും സുരേഷിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് വനം വകുപ്പ് നല്കിയ അപേക്ഷ പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിട്ടുണ്ട്.