ന്യൂഡൽഹി: ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങളും അശ്ലീല ചിത്രങ്ങളും ചോർത്തി മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ചൈനീസ് ഉടൻ വായ്പാ ആപ്പുകളിലൂടെ 500 കോടി തട്ടിയതെന്ന് ഡൽഹി പോലീസ്. ചൈനീസ് പൗരന്മാർ നടത്തിയ ഓണ്‍ലൈൻ വായ്പാ തട്ടിപ്പിൽ ഉൾപ്പെട്ട 22 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.
ഇൻസ്റ്റന്റ് വായ്പാ തട്ടിപ്പു നടത്തിയ 100 ചൈനീസ് ആപ്പുകൾ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. രണ്ടു മാസത്തിലേറെ നിരീക്ഷണത്തിനും വിശകലനത്തിനും ശേഷമായിരുന്നു നിരോധനവും പ്രതികളുടെ അറസ്റ്റും. ഡൽഹി, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണു തട്ടിപ്പു ശൃംഖല പ്രധാനമായും പ്രവർത്തിച്ചിരുന്നത്. ലക്നൗവിലെ ഒരു കോൾ സെന്ററായിരുന്നു ആസ്ഥാനം.
വായ്പകൾ നൽകുമെന്ന പരസ്യം നൽകിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഉപയോക്താവ് അപേക്ഷ നൽകി ലോണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ മിനിറ്റുകൾക്കകം ലോണ്‍ തുക അവരുടെ അക്കൗണ്ടിലേക്ക് നൽകും. മൊബൈൽ ഫോണിൽ ഡൗണ്‍ലോഡ് ചെയ്ത ആപ് ഉപയോഗിച്ച് ഉപയോക്താവിന്റെ ഫോണിലെ രഹസ്യവിവരങ്ങളും ഫോട്ടോകളും ചോർത്തും.
തുടർന്ന് വ്യാജ ഫോണ്‍ നന്പരുകൾ ഉപയോഗിച്ച് വ്യക്തിയെ വിളിച്ചു ഭീഷണിപ്പെടുത്തും. പണം നൽകിയില്ലെങ്കിൽ ആ വ്യക്തിയുടെ നഗ്നചിത്രങ്ങളും സ്ത്രീകളോടൊത്തുള്ള അശ്ലീല ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തും. പലരും ഭയന്ന് പണം നൽകി. ദിവസേന ഒരു കോടിയോളം രൂപ തട്ടിപ്പു സംഘം കൈക്കലാക്കിയെന്നാണ് റിപ്പോർട്ട്.
കിട്ടിയ തുക ക്രിപ്റ്റോ കറൻസിയായോ, ഹവാല പണമായോ ചൈനയിലേക്ക് അയയ്ക്കും. ചൈനീസ് പൗരന്മാരുടെ നിർദേശപ്രകാരമാണ് തട്ടിപ്പു നടത്തിയതെന്ന് അറസ്റ്റിലായവർ പോലീസിനോടു വ്യക്തമാക്കി. തട്ടിപ്പിന് നേതൃത്വം കൊടുത്ത ഏതാനും ചൈനക്കാരെ തിരിച്ചറിഞ്ഞതായും അവരെ കണ്ടെത്തി അറസ്റ്റു ചെയ്യാൻ ശ്രമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
അറസ്റ്റിലായവരിൽ നിന്ന് 51 മൊബൈൽ ഫോണുകൾ, 25 ഹാർഡ് ഡിസ്കുകൾ, ഒൻപതു ലാപ് ടോപ്പുകൾ, 19 ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ, നാലു ലക്ഷം രൂപ, മൂന്നു കാറുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡിസിപി കെ.പി.എസ് മൽഹോത്ര പറഞ്ഞു.
സ്വിഫ്റ്റ് റുപ്പി, വൗ റുപ്പി, ഹായ് റുപ്പി, ക്യാഷ് പോർട്ട്, റുപേ വേ, സ്മാർട്ട് വാലറ്റ്, ലോണ്‍ ക്യൂബ്, യെയാ കാഷ്, ഇം ലോണ്‍, ജയന്റ് വാലറ്റ്, ഫോർച്യൂണ്‍ ട്രീ, ഗോട്രീ, മാജിക് ബാലൻസ്, ഫിഷ് ക്ലബ്, റെഡ് മാജിക്, വാലറ്റ്വിൻ, സൂപ്പർ കോയിൻ തുടങ്ങിയ പേരുകളിലായിരുന്നു തട്ടിപ്പ് ചൈനീസ് ആപ്പുകൾ. ചൈനയിലും ഹോങ്കോംഗിലുമുള്ള സെർവറുകൾ തട്ടിപ്പുകാർ ഉപയോഗിച്ചിരുന്നു.



