ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് (WhatsApp) ഇനി ചില ഫോണുകളിൽ പ്രവർത്തിക്കില്ല. ചില പഴയ ഫോണുകൾക്കുള്ള സപ്പോർട്ട് അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. യൂസർ എക്സപീരിയൻസ്, പ്രൈവസി, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിന് പുതിയ ഫീച്ചറുകളും സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തി വാട്സ്ആപ്പ് ഇടയ്ക്കിടെ ആപ്പ് അപ്ഡേറ്റ് ചെയ്യാറുണ്ട്. ഇത്തരം അപ്ഡേറ്റുകൾ ഇനി പഴയ ചില മോഡലുകൾക്ക് ലഭിക്കുകയില്ലെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്.

പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്ക് വേണ്ടിയുള്ള ഫീച്ചറുകളാണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത്. ഇത്തരം സാഹചര്യത്തിൽ പഴയ ഫോണുകളിൽ പലതിലും ഇത് സപ്പോർട്ട് ചെയ്യണമെന്നില്ല. അതുകൊണ്ട് തന്നെ ഒഎസ് അപ്ഡേറ്റുകൾ ലഭിക്കാത്ത പഴയ ഫോണുകൾക്കുള്ള സപ്പോർട്ട് വാട്സ്ആപ്പ് ഒഴിവാക്കാറുണ്ട്. ഒക്‌ടോബർ 24ന് ശേഷം ആൻഡ്രോയിഡ് ഒഎസ് വേർഷൻ 4.1ലും അതിനെക്കാൾ പഴയതുമായ ഒഎസുഖളിൽ പ്രവർത്തിക്കുന്ന സ്‌മാർട്ട്‌ഫോണുകൾക്കുള്ള സപ്പോർട്ട് അവസാനിപ്പിക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചു.

എല്ലാ വർഷവും മറ്റ് ടെക് കമ്പനികളെപ്പോലെ ഏറ്റവും പഴക്കമുള്ള ഡിവൈസുകളും സോഫ്‌റ്റ്‌വെയറുകളും ഏതൊക്കെയാണെന്ന് പരിശോധിക്കുകയും അവ ഒഴിവാക്കുകയും ചെയ്യുന്നുവെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണെങ്കിലാണ് ഇത്തരത്തിൽ സപ്പോർട്ട് ഒഴിവാക്കുന്നത്. നിരവധി ആൻഡ്രോയിഡ് ഫോണുകൾക്കുള്ള സപ്പോർട്ടാണ് ഒറ്റയടിക്ക് വാട്സ്ആപ്പ് ഒഴിവാക്കുന്നത്. ഇതിൽ സാംസങ്, സോണി, എച്ച്ടിസി, നെക്സസ്, മോട്ടറോള, അസൂസ്, ഏസർ തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു.

ഒഴിവാക്കിയ ഫോണുകളിൽ ഏറെ ജനപ്രിയമായ ഡിവൈസുകളുമുണ്ട്. നെക്സസ് 7, സാംസങ് ഗാലക്സി നോട്ട് 2, എച്ച്ടിസി വൺ, സോണി എക്സ്പീരിയ Z, എൽജി ഒപ്റ്റിമസ് ജി പ്രോ, സാംസങ് ഗാലക്സി എസ്2, സാംസങ് ഗാലക്സി നെക്സസ്, എച്ച്ടിസി സെൻസേഷൻ, മോട്ടറോള ഡ്രോയിഡ് റേസർ, സോണി എക്സ്പീരിയ എസ് 2, മോട്ടറോള എക്സൂം, സാംസങ് ഗാലക്സി ടാബ് 10.1, അസൂസ് ഈ പാഡ് ട്രാൻസ്ഫോർമർ, ഏസർ ഐക്കോണിയ ടാബ് A5003, സാംസങ് ഗാലക്സി എസ്, എച്ച്ടിസി ഡിസയർ എച്ച്ഡി, എൽജി ഒപ്റ്റിമസ് 2X, സോണി എറിക്സൺ എക്സ്പീരിയ എആർസി3 എന്നിവയാണ് ശ്രദ്ധേയമായ ഡിവൈസുകൾ.

മുകളിൽ സൂചിപ്പിച്ച ഫോണുകളും ടാബ്ലറ്റുകളും ഇന്ന് അധികമാരും ഉപയോഗിക്കാത്തവയാണ്. പട്ടികയിലുള്ള ഏതെങ്കിലും ഫോൺ നിങ്ങളുടെ പക്കലുണ്ടെങ്കിൽ ആ ഫോണിൽ അടുത്ത മാസം മുതൽ വാട്സ്ആപ്പ് ലഭിക്കുകയില്ല. ഈ ഫോണുകളിൽ ഏതെങ്കിലും ഉപയോഗിക്കുന്ന ആളുകളുണ്ടെങ്കിൽ അവർ പുതിയ സ്മാർട്ട്ഫോൺ വാങ്ങേണ്ടി വരും. മറ്റ് പല ആപ്പുകളും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കുള്ള സപ്പോർട്ട് നിർത്തുന്നുണ്ട്. സപ്പോർട്ട് നിർത്തുന്നതിന് സുരക്ഷയും പ്രധാന കാരണമാണ്.