ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവർണർ പദവി ആവശ്യമില്ലെന്ന ഇ പി യുടെ പ്രസ്താവനയോടാണ് പ്രതികരണം. ഇ പി എന്ന മഹാനായ മനുഷ്യൻ ഞങ്ങളുടെ യു ഡി എഫ് ഭവനത്തിൻ്റെ ഐശ്വര്യം ആണെന്ന് സതീശന്‍ പറഞ്ഞു.
നിയമസഭ കയ്യാങ്കളിക്കിടെ വി ശിവന്‍കുട്ടിയെ പ്രതിപക്ഷ അംഗങ്ങള്‍ അക്രമിച്ച് ബോധരഹിതനാക്കിയെന്നും ഇ പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായാണ് പ്രതിപക്ഷ നേതാവിന്‍റെ ആലങ്കാരിക ഭാഷയിലുള്ള പ്രതികരണം.ഗവർണർ മുഖ്യമന്ത്രി വാഗ്വാദത്തില്‍ പ്രതിപക്ഷത്തിന്‍റെ നിലപാട് ശരിയെന്ന് തെളിയുന്നുവെന്നും സതീശന്‍ പറഞ്ഞു.
ഇരുകൂട്ടരും ചേർന്ന് നിയമ വിരുദ്ധ കാര്യങ്ങൾ ചെയ്തപ്പോൾ ഒരു പരാതിയും ഇല്ല.സർക്കാർ പറയുന്ന കാര്യങ്ങൾ ചെയ്യാതായപ്പോൾ ഗവർണറെ ആർ എസ് എസ് വക്താവ് എന്ന് കുറ്റപ്പെടുത്തുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി വിഷയത്തിൽ ഗവർണർ ഇപ്പോൾ എടുക്കുന്ന നിലപാട് ശരിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു..



