എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ജൂലായ് 27-ന് പുറപ്പടുവിച്ച വിധിയിലെ രണ്ട് കാര്യങ്ങള്‍ പുന:പരിശോധിക്കേണ്ടതുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ തങ്ങളുടെ വിലയിരുത്തലെന്ന് കോടതി വ്യക്തമാക്കി.
എന്‍ഫോഴ്‌സ്‌മെന്റ് കേസിന്‍റെ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്‍) കുറ്റാരോപിതന് നല്‍കേണ്ടതില്ലെന്ന് ജൂലായ് 27-ന് പുറപ്പടുവിച്ച വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇത് പുന:പരിശോധിക്കേണ്ടതുണ്ടെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത ആരോപിതനില്‍ നിക്ഷിപ്തമാക്കുന്ന വ്യവസ്ഥയും പുന:പരിശേധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
അതേസമയം, കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനുള്ള സര്‍ക്കാരിന്റെ നടപടികളില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. വിദേശത്തുള്ള കള്ളപ്പണം മടക്കിക്കൊണ്ടുവരുന്നത് ഉള്‍പ്പടെയുള്ള നടപടികളെ കോടതി പിന്തുണയ്ക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
അതേസമയം, ജൂലായ് 27-ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പടുവിച്ച വിധി പുന:പരിശോധിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയാണ് ചീഫ് ജസ്റ്റിസ് നോട്ടീസയച്ചത്.
ഇ.ഡിക്ക് പരമാധികാരം നല്‍കുന്ന വിധി ജൂലായ് 27-ന് പ്രസ്താവിച്ചത് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ്. ഇതില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിരമിച്ചു.
ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ബെഞ്ചിന്റെ ഭാഗമായത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് പുറമെ, ജസ്റ്റിസ് മാരായ ദിനേശ് മഹേശ്വരി, സി. ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രമണ നാളെ വിരമിക്കുന്നതിനാല്‍ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ മറ്റൊരു ജഡ്ജിയാകും ഇനിയുണ്ടാകുക.



