വാഷിങ്ടൻ ഡിസി ∙ അമേരിക്ക, ഇസ്രായേൽ, അഫ്ഗാനിസ്ഥാൻ, ഹമാസ്, താലിബാൻ തുടങ്ങിയ വിഷയങ്ങളിൽ ഇൽഹൻ ഒമർ നടത്തിയ പ്രസ്താവനയെ തുടർന്നു സഹപ്രവർത്തകരായ ഡമോക്രാറ്റുകൾ തന്നെ ആക്ഷേപിച്ചു നിശ്ശബ്ദയാക്കാൻ ശ്രമിക്കുന്നെന്ന ഒമറിന്റെ പരാമർശത്തെ നിശിതമായി വിമർശിച്ചു നാൻസി പെലോസി.

അമേരിക്ക– ഇസ്രയേൽ തുടങ്ങിയ ജനാധിപത്യ രാഷ്ട്രങ്ങളെ ഭീകരപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഹമാസ്, താലിബാൻ തുടങ്ങിയ മിലിട്ടന്റ് ഓർഗനൈസേഷനുകളുമായി തുലനം ചെയ്തതാണു നാൻസി പെലോസിയെ പ്രകോപിപ്പിച്ചത്.മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ക്രൂരതകൾക്കും അനീതിക്കും എതിരെ തുല്യനീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടു മിനിസോട്ടയിൽ നിന്നുള്ള ഡമോക്രാറ്റിക് കോൺഗ്രസ്സ് അംഗം ഒമർ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലികന് ട്വിറ്റർ സന്ദേശം അയച്ചിരുന്നു.
ചിന്തിക്കാൻ കഴിയുന്നതിലുമപ്പുറം ക്രൂരതകളാണ് അമേരിക്കയും ഹമാസും ഇസ്രായേലും അഫ്ഗാനിസ്ഥാനും താലിബാനും നടത്തുന്നതെന്നും ഒമർ കൂട്ടിച്ചേർത്തു. മിലിട്ടന്റ്, ടെററിസ്റ്റ് ഓർഗനൈസേഷനുകളെന്ന് അമേരിക്ക ലിസ്റ്റ് ചെയ്തതിരിക്കുന്ന ഹമാസും, താലാബാൻ എന്നീ സംഘടനകളുമായി അമേരിക്ക– യിസ്രായേൽ രാഷ്ട്രങ്ങളെ കാണുന്ന ഒമറിന്റെ പ്രസ്താവനക്കെതിരെ പരക്കെ പ്രതിഷേധം ഉയർന്നിരുന്നു.

സംഭവങ്ങളുടെ ഗൗരവം മനസ്സിലാക്കിയ ഒമർ വ്യാഴാഴ്ച (ജൂൺ 10) നിഷേധകുറിപ്പിറക്കി – താൻ അമേരിക്കയ്ക്കും ഇസ്രായേലിനും ധാർമ്മിക ഉത്തരവാദിത്തം ഉണ്ടെന്നാണ് അർഥമാക്കിയതെന്നു വിശദീകരിച്ചു. പെലോസി ഒമറിന്റെ വിശദീകരണത്തെ സ്വാഗതം ചെയ്തു.