ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയത്തില്‍ നടന്ന വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ചും ഫലസ്തീന്‍ പ്രദേശങ്ങളിലും ഇസ്രായേലിനകത്തും നടക്കുന്ന ഭരണകൂട അതിക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കണമെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം.

എന്നാല്‍, കാലങ്ങളായി ഇന്ത്യ തുടരുന്ന ഫലസ്തീന്‍ അനുകൂല സമീപനത്തില്‍നിന്നുള്ള മാറ്റമാണ് വോട്ടെടുപ്പില്‍നിന്ന് മാറിനിന്ന പ്രതിനിധിയുടെ നടപടി സൂചിപ്പിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യന്‍ സ്ഥിര പ്രതിനിധി ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീനുള്ള പിന്തുണ ഉറപ്പാക്കിയിരുന്നു. വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതോടെ ഈ നയത്തില്‍നിന്ന് പിന്നോട്ടുപോയിരിക്കുകയാണ് ഇന്ത്യ.

ഇന്ത്യയ്‌ക്കൊപ്പം മറ്റ് 13 രാഷ്ട്രങ്ങളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, നേപ്പാള്‍, നെതര്‍ലന്‍ഡ്‌സ്, പോളണ്ട്, ദക്ഷിണ കൊറിയ എന്നിവയാണു വിട്ടുനിന്ന പ്രമുഖ രാജ്യങ്ങള്‍. പാകിസ്താന്‍, ചൈന, ബംഗ്ലാദേശ്, റഷ്യ അടക്കം 24 അംഗരാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായും ജര്‍മനി, ബ്രിട്ടന്‍, ഓസ്ട്രിയ തുടങ്ങി ഒന്‍പത് അംഗങ്ങള്‍ എതിരായും വോട്ട് ചെയ്തു.

മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയമായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍(ഒഐസി) ആവശ്യ പ്രകാരമാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രത്യേക യോഗം ചേര്‍ന്നത്. യോഗത്തില്‍ ഒഐസിയും ഫലസ്തീന്‍ പ്രതിനിധി സംഘവും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്.