ഫിലഡല്‍ഫിയ ∙ ഈജിപ്തിനും ജോര്‍ദ്ദാനും ശേഷം ഇസ്രയേലിന്‍റെ യുഎഇയും ബഹ്റൈനുമായുളള പൂര്‍ണ്ണ ഡിപ്ലോമാറ്റിക് ബന്ധം മിഡില്‍ ഈസ്റ്റ് പ്രതിസന്ധി ശക്തമായി ലഘുകരിക്കുന്നതിനൊപ്പം ആ മേഖലയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കും വളരെ ഗുണകരമാകുമെന്ന് നിരീക്ഷണം. 1992ല്‍ തുടക്കമിട്ട ഇന്ത്യ-ഇസ്രയേല്‍ അംബാസിഡോറിയല്‍ ബന്ധത്തിനുശേഷം പതിനായിരക്കണക്കിനു ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ ഇസ്രയേലില്‍ നഴ്സിംഗ് അടക്കമുള്ള പല മണ്ഡലങ്ങളിലും ഔദ്യോഗികവൃത്തി ആരംഭിച്ചു. ഇസ്രയേലില്‍നിന്നും ഇപ്പോള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ദുര്‍ഘടകരമായ യാത്രയില്‍ പല നല്ല മാറ്റങ്ങളും പ്രതീക്ഷിക്കാം.
വീണ്ടും ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് പദവിയില്‍ എത്തിയാല്‍ തുടര്‍ന്നുള്ള നാലു വര്‍ഷംകൊണ്ട് ഗള്‍ഫ് പ്രദേശങ്ങളില്‍ നിത്യശാന്തിക്കുള്ള സാധ്യതകള്‍ വളരെയാണ്. സൗദി അറേബ്യയടക്കമുള്ള ഇസ്രായേലിന്‍റെ അയല്‍ രാജ്യങ്ങളും സാവധാനം ശ്വാശ്വത സമാധാന പാതയില്‍ എത്തുമെന്നാണ് പ്രതീക്ഷ. വെടിക്കോപ്പുകള്‍ ഉപേക്ഷിച്ചു സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും പാതയില്‍ എത്തുമ്പോള്‍ ആണവ ആയുധ ആര്‍ത്തി സ്വയമായി അവസാനിപ്പിച്ച് ഇറാനും നിത്യസന്ധിയില്‍ എത്തുമെന്നുള്ള ശുഭപ്രതീക്ഷ പരിരക്ഷിക്കപ്പെടട്ടെ.
ഗള്‍ഫ് രാജ്യങ്ങള്‍ സ്വന്തം രാജ്യത്തിന്‍റെ സ്ഥിരതയും സുരക്ഷിതത്വവും സമ്പല്‍സമൃദ്ധിയും പരിരക്ഷിക്കുവാന്‍ അമേരിക്കന്‍ അഭിപ്രായം അംഗീകരിക്കുന്നതും ട്രംപിന്‍റെ നിലപാട് നീതീകരിക്കുന്നതും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായിട്ടുള്ള ചങ്ങാത്തം പുനഃസ്ഥാപിക്കുന്നതും പലസ്തീൻ ജനത അന്ധാളിപ്പോടെയാണ് വീക്ഷിക്കുന്നത്.
കോവിഡ് 19 പകര്‍ച്ചവ്യാധിയ്ക്കു മുന്‍പായുള്ള ലേഖകന്‍റെ ഈജിപ്ത് അടക്കമുള്ള വിവിധ അറബ് രാജ്യങ്ങളിലൂടെയും ഇസ്രയേലിലെ ചില പ്രദേശങ്ങളിലൂടെയും ഉള്ള യാത്രയില്‍ ഭയത്തോടെ അനുഭവപ്പെട്ട ഉള്‍ക്കിടുക്കം മനസ്സില്‍നിന്നും മായാതെ നില്‍ക്കുന്നു. യാത്രചെയ്ത ഡീലക്സ് ബസ്സിലെ മുന്‍ സീറ്റില്‍ നിറതോക്ക് എകെ 47 നുമായി ഒരു പട്ടാളക്കാരനും ബസ്സിന്‍റെ മുമ്പിലായിട്ടുള്ള സൈനിക ട്രക്കില്‍ ജാഗരൂഗരായ പട്ടാളക്കാരും സംരക്ഷണം നല്‍കിയിരുന്നു. വിശാല ജനാധിപത്യ രാജ്യമായ ഇന്ത്യയിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അനേക വര്‍ഷങ്ങളായിട്ടുള്ള പല സുദീര്‍ഘ യാത്രകളിലും ഇത്തരമൊരു ഭയപ്പെട്ടിരുന്നില്ല.
2004 നവംബര്‍ 11 ന് 75-ാമത്തെ വയസ്സില്‍ നിര്യാതനായ യാസര്‍ അറാഫത്തിന്‍റെ ധീരമായ നേതൃത്വത്തില്‍ 1964 ല്‍ സംഘടിപ്പിച്ച പലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍റെ ശക്തമായ പോരാട്ടത്തിലൂടെ പലസ്തീനിയന്‍ ജനതയുടെ കുറെയെങ്കിലും അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടു. ഇപ്പോഴും ഇസ്രയേല്‍- പലസ്തീന്‍ സംഘട്ടനം തുടരുന്നു. ഗള്‍ഫ് പ്രദേശം ക്രമേണ സമാധാനത്തിലേക്കു എത്തുന്നതിനുള്ള മുന്നോടിയായി ഈ ബന്ധം സഹായകമാകുമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു.