വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ്. തെക്കൻ ഇറാനിലെ ഇറാനിയൻ റഡാർ , ഡ്രോൺ കമാൻഡ്-ആൻഡ്-കൺട്രോൾ കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ നിലനിൽക്കെ കഴിഞ്ഞ ദിവസങ്ങളിൽ യുഎസിന്റെ ഭാഗത്തു നിന്ന് ആദ്യ ലംഘനം വരികയായിരുന്നു. ഇതിനു പിന്നാലെ ഇറാനും ആക്രമണങ്ങൾ തുടങ്ങി. ഡ്രോൺ കേന്ദ്രം ആക്രമിച്ചതിന് മറുപടിയായി സിരിക് ദ്വീപിലെ യുഎസ് ബേസിലേക്ക് ഇറാനും ആക്രമണം നടത്തിയതായി വിവരമുണ്ട്.
സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണങ്ങളെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് ( CENTCOM ) പറഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ചയും ഗൊരുക്കിലെയും ഖേഷ്ം ദ്വീപിലെയും കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടന്നത്. ഇറാൻ ഒരു യുഎസ് MQ-1 ഡ്രോണിലെ കഴിഞ്ഞ ദിവസം വെടിവച്ചിട്ടിരുന്നു. ഇതുകൂടാതെ യുഎസിന്റെ ഒരു സ്റ്റെൽത്ത് വിമാനത്തെ ഇറാൻ റഡാറിൽ പിടിക്കുകയും ചെയ്തു. ഇതിനുള്ള പ്രതികാര നടപടിയാണ് ആക്രമണങ്ങൾ.
കൃത്യമായ ആസൂത്രണത്തോടെ ആക്രമണം നടത്തി വിജയിപ്പിക്കാൻ കഴിഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. ഒരു യുഎസ് സേനാംഗത്തിനു പോലും പരിക്കേറ്റിട്ടില്ലെന്നും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച പുലർച്ചെയായിരുന്നു യുഎസ് ഡ്രോൺ ഇറാൻ വെടിവെച്ചിട്ടത്. ഡ്രോൺ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി ഇറാൻ ആരോപിച്ചു. ഇറാൻ വികസിപ്പിച്ചെടുത്ത നൂതന വ്യോമ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനിയൻ പരമാധികാരത്തെ വെല്ലുവിളിക്കുകയാണ് യുഎസ് ഇത്തരം ആക്രമണങ്ങളിലൂടെ ചെയ്യുന്നതെന്ന് ഇറാൻ സൈന്യം പറഞ്ഞു.
അതെസമയം ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇറാനുമായുള്ള നിർദ്ദിഷ്ട കരാർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരികെ നൽകിയതായി റിപ്പോർട്ടുണ്ട്. പെട്ടെന്നു തന്നെ കരാറിലെത്താൻ തിടുക്കമില്ലെന്ന് അദ്ദേഹം ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.



