പശ്ചിമേഷ്യയിൽ യുദ്ധഭീതി വിതയ്ക്കുന്ന യുഎസ്-ഇറാൻ സംഘർഷങ്ങളിൽ ഒത്തുതീർപ്പ് ചർച്ചകൾ അതീവ നിർണ്ണായകമായ ഘട്ടത്തിലേക്ക് കടന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനിൽ നിന്നും തങ്ങൾ പ്രതീക്ഷിക്കുന്ന ‘ശരിയായ മറുപടികൾ’ ലഭിക്കുന്നതിനായി ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കാൻ അമേരിക്ക തയ്യാറാണെന്ന് ബുധനാഴ്ച അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എയർഫോഴ്സ് വൺ വിമാനത്തിൽ നിന്നും ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ചർച്ചകളുടെ നിലവിലെ പുരോഗതിയെക്കുറിച്ച് വിവരിച്ചത്. ചർച്ചകൾ ഇപ്പോൾ അതിന്റെ അന്തിമ അതിർത്തിരേഖയിലാണെന്നും (Borderline) നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ കാര്യങ്ങൾ അതിവേഗം വഷളാകുമെന്നും അദ്ദേഹം കനത്ത മുന്നറിയിപ്പ് നൽകി.



