തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്‌ഡൗണില്‍ ഇന്ന് കൂടുതല്‍ ഇളവുകള്‍. തുറക്കുന്ന സ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നിരീക്ഷണമുണ്ടാകും. നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ക്‌ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങളായിരിക്കും ഉണ്ടാവുക.

നിലവിലുള്ള ഇളവുകള്‍ക്ക് പുറമേയാണ് ഇന്നു കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്ന് പ്രവര്‍ത്തിക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു പുറമേ സ്‌റ്റേഷ‍നറി, സ്വര്‍ണക്കടകള്‍, പാദ‍രക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, കണ്ണടക്കടകള്‍, ശ്രവണ സഹായികള്‍, പുസ്‌തക‍ക്കടകള്‍ തുടങ്ങിയവ ഇന്നു രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കും.
മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന കടകള്‍ ഉള്‍പ്പടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍ ഇന്ന് തുറക്കാം. രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഇവയുടെ പ്രവര്‍ത്തന സമയം. നാളെയും മറ്റന്നാളും കൂടുതല്‍ പൊലീസിനെ പരിശോധനയ്ക്കായി നിയോഗിക്കും. കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകളും രണ്ട് ദിവസം ഉണ്ടാകില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ പാഴ്‌സല്‍ അനുവദിക്കില്ലെങ്കിലും ഹോം‍ഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അവശ്യമേഖലയിലുള്ളവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.