ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍, ഇന്ത്യന്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ജമ്മുകശ്മീരിലെ ശ്രീനഗറില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. ശ്രീനഗറിലെ സാദിബലിലാണ് രാവിലെ ഏറ്റമുട്ടലുണ്ടായത്.

ആയുധധാരികളായ മൂന്നു പേര്‍ ഇവിടെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ തുടങ്ങിയത്. ഇതോടെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. പ്രദേശത്ത് നേരത്തെ ആക്രമണങ്ങളില്‍ പങ്കെടുത്തവരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു.

ഇതിനിടെ പൂഞ്ചില്‍ രാവിലെ ആറുമണിയോടെ പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച്‌ മോട്ടാര്‍ ഷെല്‍ ആക്രമണം നടത്തി. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാക് പ്രകോപനമുണ്ടായിരുന്നു. ഇന്നലെ ബാരാമുള്ളയിലെ റാപൂരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലു നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു.