ഖാലിസ്ഥാൻ ഭീകരവാദിയുടെ കൊലപാതകത്തിനു പിന്നാലെ ഉയർന്നു വന്ന കാനഡ- ഇന്ത്യ സംഘർഷം അതിൻ്റെ മൂർദ്ധന്യത്തിൽ എത്തി നിൽക്കുകയാണ്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തോടെയാണ് ഈ പ്രതിസന്ധി ഉടലശടുത്തിരിക്കുന്നത്. ജൂണിൽ കാനഡയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്തുവച്ച് അജ്ഞാതരായ അക്രമികൾ നിജ്ജറിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കു പിന്നാലെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിജ്ജറിനെ കനേഡിയൻ പൗരനാണെന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു. ഇന്ത്യയ്‌ക്കെതിരെ കൊലപാതകത്തിന് തെളിവുകളുണ്ടെന്നും ട്രൂഡോ അവകാശപ്പെടുന്നുണ്ട്. ട്രൂഡോയ്ക്ക് ഇതുസംബന്ധിച്ചുള്ള തെളിവുകൾ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയാണ് കെെമാറിയതെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ തെറ്റായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നതെന്നും അവ രാഷ്ട്രീയ പ്രേരിതമാണെന്നും വ്യക്തമാക്കിയാണ് ഇന്ത്യ ഇക്കാര്യത്തിൽ നിലപാടെടുത്തത്. 

ഇന്ത്യയ്‌ക്കെതിരെ കാനഡ ആരോപണം ഉന്നയിച്ചപ്പോഴൊക്കെ അമേരിക്ക നിശബ്ദത പാലിക്കുകയായിരുന്നു. എന്നാൽ പിന്നീട് കാനഡയുടെ ആരോപണങ്ങളിൽ അമേരിക്ക ഉത്കണ്ഠ പ്രകടിപ്പിക്കുകയും സമഗ്രമായ അന്വേഷണം ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു.  അമേരിക്കയുടെ നിശബ്ദതയും തുടർന്നുള്ള പ്രതികരണങ്ങളും പരസ്പരവിരുദ്ധമായൊരു സാഹചര്യം സൃഷ്ടിക്കയാണെന്ന് വ്യക്തം. ഒരു വശത്ത് അമേരിക്ക ഭീകരൻ നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് എതിരെ കാനഡയ്ക്ക് തെളിവുകൾ നൽകുമ്പോൾ മറുവശത്ത് അമേരിക്കൻ സുരക്ഷാ ഏജൻസികൾ മറ്റ് രാജ്യങ്ങളിൽ കടന്നുകയറി ശത്രുക്കളെ ഇല്ലായ്മ ചെയ്യുന്നു. തികച്ചും വിരോധാഭാസമായ നിലപാടാണ് അമേരിക്ക ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്ന് വ്യക്തം.