ന്യൂഡൽഹി: സ്ഥലനാമങ്ങൾ ഹൈന്ദവ വത്കരിക്കുന്ന സംഘപരിവാർ അജണ്ട ഇന്ത്യയുടെ പേരിലേക്കും. ഇന്ത്യയെ ഭാരതമാക്കാനുള്ള ബിജെപി നീക്കം ശക്തമെന്ന് സൂചന.
രാഷ്ട്രപതി ഭവൻ ജി 20 ഉച്ചകോടി പ്രതിനിധികളെ അത്താഴവിരുന്നിന് ക്ഷണിച്ചുകൊണ്ടുള്ള കത്തിൽ ഇന്ത്യൻ പ്രസിഡന്റ് എന്നതിനു പകരം ഭാരതത്തിന്റെ പ്രസിഡന്റ് എന്നാണ് ചേർത്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് ജയറാം രമേഷാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇനി ഭരണഘടനയുടെ ഒന്നാം ആര്‍ട്ടിക്കിളിൽ “ഭാരതം, ഇന്ത്യയായിരുന്ന, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’ എന്ന് വായിക്കാമെന്ന് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. “യൂണിയൻ ഓഫ് സ്റ്റേറ്റ്സ്’ പോലും ഇപ്പോൾ ആക്രമണം നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച രാത്രി എട്ടിനാണ് രാഷ്ട്രപതി ഭവനിൽ ജി 20 ഉച്ചകോടി പ്രതിനിധികൾക്ക് അത്താഴവിരുന്ന് നൽകുന്നത്.
അതേസമയം, രാജ്യത്തിന്റെ പേര് ഓദ്യോഗികമായി ഭാരതമെന്നാക്കി മാറ്റുമെന്ന് അഭ്യൂഹമുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പ്രമേയം പാസാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കുക.