ഇന്ത്യയിലെ ലോക്ക്ഡൗണ്‍ പരാജയമെന്ന് പ്രധാനമന്ത്രിയുടെ കോവിഡ് -19 നാഷണൽ ടാസ്ക് ഫോഴ്സ് വിലയിരുത്തിയതായി റിപ്പോർട്ട്. കോവിഡിനെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാനും ഉപദേശം നൽകാനുമായി നീതി ആയോഗ് അംഗം വിനോദ് പോൾ അധ്യക്ഷനായി രൂപീകരിച്ച, ശാസ്ത്രജ്ഞരും ഡോക്ടർമാരും വിദഗ്ധരും അടങ്ങിയ കർമസമിതിയുടെ ശിപാർശ ഇല്ലാതെയാണു നാലു തവണയായി രണ്ടു മാസം നീണ്ട ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതെന്നും ആരോപണമുണ്ട്.
130 കോടി ജനങ്ങളുള്ള രാജ്യം രണ്ടു മാസം തുടർച്ചയായി അടച്ചിട്ട ലോക്ക്ഡൗണിലൂടെ ഇന്ത്യയിൽ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനായില്ല. എന്നു മാത്രമല്ല, സന്പദ്ഘടന തകർന്നു തരിപ്പണമാവുകയും ചെയ്തു. നോവൽ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈനയെ പിന്നിലാക്കി ഏഷ്യയിലെയും പസഫിക് മേഖലയിലെയും പുതിയ പ്രഭവകേന്ദ്രമായി ഇന്ത്യ മാറുന്നു എന്ന അപായസൂചനയും നിലവിലുണ്ട്. ഒരു ദിവസം 6,000ത്തിലേറെ പുതിയ കോവിഡ് കേസുകളാണ് ഇപ്പോൾ രാജ്യത്തു റിപ്പോർട്ട് ചെയ്യുന്നത്.
“ലോക്ക്ഡൗണ്‍ പരാജയപ്പെട്ടെന്ന കാര്യത്തിൽ സംശയമില്ല.’’- കോവിഡ് കർമസമിതി അംഗമായ എപ്പിഡെമിയോളജിസ്റ്റ് പറഞ്ഞു. സാമൂഹ്യ അകലം പാലിക്കൽ, മാസ്കുകൾ ധരിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് അടക്കമുള്ള വ്യക്തി ശുചിത്വം എന്നിവയെല്ലാം ചേർന്നാൽ രോഗവ്യാപനം പരമാവധി തടയാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍കൊണ്ട് വൈറസ് വ്യാപനം തടയാനാകുമെന്നു തെളിവുകളില്ല. ജനസംഖ്യ കുറവുള്ള പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിൽ ഫലപ്രദമാകില്ല. സാമൂഹ്യ അകലവും ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ കൂട്ടലും അടക്കമുള്ളവയാണ് ഇന്ത്യയിൽ വേണ്ടതെന്നും പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണിലൂടെ രോഗവ്യാപനം തടയാമെന്നതു തെറ്റായ ധാരണയാണെന്ന് ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് പ്രതിരോധ (യുഎൻഎയിഡ്സ്) സമിതിയുടെ മേഖലാ ഉപദേശകൻ ഡോ. പി. സലീൽ പറഞ്ഞു. ലോകത്തെതന്നെ ഏറ്റവും കഠിനവും നീണ്ടതുമായ ലോക്ക്ഡൗണ്‍ ഇന്ത്യയിൽ പ്രഖ്യാപിച്ചതിനു വേണ്ടത്ര ശാസ്ത്രീയ അടിത്തറയോ വിലയിരുത്തലോ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം. ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടി ഹിമാചൽ പ്രദേശ് സർക്കാർ. സംസ്ഥാനത്തെ 12 ജില്ലകളിലും ലോക്ക്ഡൗണ്‍ നീട്ടിയാണ് ബിജെപി ഭരിക്കുന്ന ഹിമാചലിലെ ജയ്റാം താക്കുർ സർക്കാരിന്റെ ഉത്തരവ്.
ഇതുവരെ 214 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ചുപേർ മരിച്ചു. 63 പേർ രോഗമുക്തരായി. ഹാമിർപുർ ജില്ലയിലാണ് സംസ്ഥാനത്തെ രോഗികളുടെ നാലിലൊന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 63 കേസുകളാണുള്ളത്. സോളനിൽ 21 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ലോക്ക്ഡൗണിൽ ഇളവ് വരുത്തുകയും രാജ്യത്ത് വ്യോമഗാതാഗതം പുനരാരംഭിക്കുകയും ചെയ്ത അവസരത്തിലാണ് ഹിമാചൽ സർക്കാർ ലോക്ക്ഡൗണ്‍ നീട്ടി ഉത്തരവ് പുറത്തിറക്കുന്നത്. മേയ് 31-നുശേഷം ലോക്ക്ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനം കൂടിയാണിത്.
ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാരെ അടിയന്തരമായി തിരിച്ചു കൊണ്ടു പോകാൻ ചൈന നടപടി തുടങ്ങി. ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാർ 27നു മുൻപ് എംബസിയെ വിവരം അറിയിക്കണം. എംബസിയുടെ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച് നോട്ടിസ് പുറപ്പെടുവിച്ചത്. ഇന്ത്യയിലുള്ള വിദ്യാർഥികൾ, വിനോദസഞ്ചാരികൾ, വ്യവസായികൾ തുടങ്ങിയവർ ഉൾപ്പെയുള്ളവരെല്ലാം പ്രത്യേക വിമാനത്തിനു ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് അറിയിപ്പ്. യാത്ര ചെയ്യുന്നവർ എല്ലാ നിർദേശങ്ങളും പാലിക്കണം.
ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് രോഗികൾ എറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ തിങ്കളാഴ്ച ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. ഇറാനെ മറികടന്നാണ് ഇന്ത്യ പത്താമതെത്തിയത്. ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യ റിപ്പോർട്ടു ചെയ്തത്.