ന്യൂഡല്‍ഹി • കോവിഡ് 19 ബാധിച്ച്‌ ഇന്ത്യയിലെ ആദ്യത്തെ വനിതാ കാര്‍ഡിയോളജിസ്റ്റ് ഡോ. എസ്. ഐ. പദ്മാവതി ശനിയാഴ്ച രാത്രി അന്തരിച്ചു. 103 വയസ്സായിരുന്നു. 11 ദിവസം മുന്‍പാണ്‌ പദ്മാവതിയെ നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍.‌എച്ച്‌.ഐ) പ്രവേശിപ്പിച്ചത്.

കോവിഡ് 19 സ്ഥിരീകരിച്ച അവരെ ശ്വസന ബുദ്ധിമുട്ടും പനിയോടെയുമാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇരു ശ്വാസകോശത്തിലും ന്യുമോണിയ ഉണ്ടാകുകയും വെന്റിലേറ്റര്‍ പിന്തുണ ആവശ്യമായി വരികയും ചെയ്തു. എന്നാല്‍ ആഗസ്റ്റ്‌ 29 ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. പദ്മാവതിയുടെ സംസ്കര ചടങ്ങുകള്‍ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ശ്മശാനത്തില്‍ നടന്നു.

എന്‍.‌എച്ച്‌.ഐയുടെ സ്ഥാപകയായ അവര്‍ 1917 ല്‍ ബര്‍മയില്‍ (ഇപ്പോള്‍ മ്യാന്‍മര്‍) ജനിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് 1942 ല്‍ അവര്‍ ഇന്ത്യയിലേക്ക് കുടിയേറി. റങ്കൂണ്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ അവര്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയി. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അവര്‍ ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജിലെ ഫാക്കല്‍റ്റിയായി ചേര്‍ന്നു. 1954 ല്‍ ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജില്‍ ഉത്തരേന്ത്യയിലെ ആദ്യത്തെ കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ലബോറട്ടറി സ്ഥാപിച്ചു.

2015 അവസാനം വരെ, പദ്മാവതിയുടെ നേതൃത്വത്തില്‍ 1981 ല്‍ സ്ഥാപിച്ച എന്‍‌.എച്ച്‌.ഐയില്‍ ആഴ്ചയില്‍ അഞ്ച് ദിവസവും , ദിവസം 12 മണിക്കൂര്‍ വീതം ജോലി ചെയ്തിരുന്നു.

1967 ല്‍ മൗലാന ആസാദ് മെഡിക്കല്‍ കോളേജിന്റെ ഡയറക്ടര്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റ പദ്മാവതി ഇര്‍വിന്‍, ജി ബി പന്ത് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഡിയോളജിയിലെ ആദ്യത്തെ ഡിഎം കോഴ്‌സ്, ആദ്യത്തെ കൊറോണറി കെയര്‍ യൂണിറ്റ്, ഇന്ത്യയിലെ ആദ്യത്തെ കൊറോണറി കെയര്‍ വാന്‍ എന്നിവ ഇവിടെ അവതരിപ്പിച്ചു. ഡോ. എസ്. പദ്മാവതി 1962 ല്‍ ഓള്‍ ഇന്ത്യ ഹാര്‍ട്ട് ഫൌണ്ടേഷനും 1981 ല്‍ നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചു. 1967 ല്‍ പത്മഭൂഷനും 1992 ല്‍ പത്മ വിഭൂഷനും നല്‍കി രാജ്യം പദ്മാവതിയെ ആദരിച്ചിട്ടുണ്ട്.