ഓരോ വ്യക്തിയ്ക്കും അവരുടെ പങ്കാളിയെ സംബന്ധിച്ച് ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ടാകുന്നത് സ്വാഭാവികം. റിലേഷൻഷിപ് കോച്ചെന്ന് പരിചയപ്പെടുത്തുന്ന ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവിന്റെ അഭിപ്രായപ്രകടമാണ് ഇപ്പോൾ ഓൺലൈൻലോകത്ത് ശ്രദ്ധയാകുന്നത്. ഇന്ത്യക്കാരായ പുരുഷൻമാരുമായുള്ള ഡേറ്റിൽ തനിക്ക് തനിക്ക് താത്പര്യമില്ലെന്നാണ് ചേതന ചക്രവർത്തി എന്ന ഈ യുവതി പറയുന്നത്. അതിനുള്ള കാരണങ്ങളും ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ അവർ വ്യക്തമാക്കുന്നുണ്ട്. പലതരത്തിലുള്ള പ്രതികരണങ്ങൾക്കാണ് വീഡിയോ വഴിയൊരുക്കിയിരിക്കുന്നത്. യുവതിയുടെ അഭിപ്രായത്തെ അംഗീകരിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. 

ചേതന ചക്രവർത്തിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ബയോയിൽ റിലേഷൻഷിപ് ആൻഡ് ലൈഫ് കോച്ച് എന്നാണ് ചേർത്തിരിക്കുന്നത്. “കുമ്പസാരത്തിനുള്ള സമയം, ഏകാകികളായ എന്റെ കക്ഷികൾ പ്രണയം കണ്ടെത്തുകയും ഡേറ്റിങ്ങിന്റെ ഉന്മത്തമായ ലോകത്ത് സഞ്ചരിക്കുകയും ചെയ്യുന്നതിനുകാരണം ഞാനാണ്, എന്റെ കരുനീക്കങ്ങളാണ്”, ചേതന കുറിച്ചിരിക്കുന്നു. തന്റെ അക്കൗണ്ടിലൂടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും തന്റെ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ കക്ഷികൾക്കോ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുകയില്ലെന്നും അവർ പറയുന്നു. 

ഇന്ത്യക്കാരായ പുരുഷൻമാരെ ഡേറ്റ് ചെയ്യാൻ താനൊരുതരത്തിലും ഉദ്ദേശിക്കുന്നില്ലെന്നും അതിനുള്ള മൂന്ന് കാരണങ്ങളും ചേതന വിശദീകരിക്കുന്നു. ഒന്നാമത്തെ കാരണമിതാണ്. ദുർഘടമായ സംവാദങ്ങൾ കൈകാര്യം ചെയ്യാൻ അവർ പഠിച്ചിട്ടില്ല. ഒരു പോയന്റ് വാദിക്കാൻ സാധിക്കാതെ വരുമ്പോൾ അവർ നിശബ്ദരാകും, തുടർന്ന സ്ത്രീകളെ തലക്കനമുള്ളവരെന്നും വഴക്കാളികളെന്നും മുദ്ര കുത്തും. അവർ ഈഗോയിസ്റ്റിക്കാവും.

രണ്ടാമത്തെ കാരണം, റൊമാൻസ് എന്താണെന്ന് അവർക്കറിയില്ല. മാസത്തിലൊരുതവണ പങ്കാളിയെ പുറത്തുകൂട്ടിപ്പോയി ഡിന്നർ കഴിക്കുന്നതാണ് റൊമാൻസ് എന്നാണ് അവരുടെ ധാരണ. ഓരോ ദിവസവും സ്നേഹവും പരിഗണനയും പ്രകടമാക്കുന്ന ചെറിയചെറിയ സംഗതികളാണ് സ്ത്രീകൾക്കാവശ്യമെന്ന് അവർ മനസ്സിലാക്കുകയേയില്ല. വലിയ സമ്മാനങ്ങൾ വാങ്ങി നൽകുന്നതിലല്ല കാര്യം. 

മൂന്നാമത്തേത്, അവർക്ക് വീടിനെ എത്തരത്തിലാണ് പരിപാലിക്കേണ്ടതെന്നറിയില്ല. വീട്ടിലെ കാര്യങ്ങൾ തുല്യമായി പങ്കുവെക്കുക എന്നതല്ല കാര്യം. മറിച്ച് പങ്കാളിയോട് അനുകമ്പ തോന്നി ചെയ്യേണ്ടതല്ല ഇതൊന്നും. സ്വന്തം വീടാണ് അപ്പോൾ ആ വീട്ടിലെ കാര്യങ്ങൾ താൻ ചെയ്യേണ്ടതാണ് എന്ന ബോധമുണ്ടാകുകയാണ് വേണ്ടത്, ചേതന പറയുന്നു.