ആലപ്പുഴ: ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിക്ക് നേരെയുണ്ടായ അക്രമത്തിൽ ശക്തമായി പ്രതിഷേധിച്ച് എൻഡിഎ കേരള ഘടകം.
എ.പി അബ്ദുള്ളക്കുട്ടിയെ അപകടപ്പെടുത്തി കൊല്ലാമെന്ന് ആരും കരുതേണ്ടെന്നും എൻഡിഎയിലേക്ക് ഇനി വരാനിരിക്കുന്ന നിരവധി അബ്ദുള്ളക്കുട്ടിമാർക്കും കുടുംബത്തിനും സംരക്ഷണ കവചമൊരുക്കാൻ കരുത്തുള്ള പ്രസ്ഥാനമാണ് എൻഡിഎ എന്നും സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ഒളിച്ചും പാത്തും തലയിൽ മുണ്ടിട്ടുമല്ല
എ.പി അബ്ദുള്ളക്കുട്ടി തിരുവനന്തപുരത്ത് നിന്ന് കണ്ണൂർക്ക് പോയത്.
ചങ്കൂറ്റത്തോടെയും നെഞ്ചുറപ്പോടെയുമാണ് അബ്ദുള്ളക്കുട്ടി യാത്ര ചെയ്തത്.
എൻ ഡി എയുടെ കേന്ദ്രനേതൃത്വത്തിൽ എത്തിപ്പെട്ട കേരളത്തിലെ ഒരു ന്യൂനപക്ഷ നേതാവെന്ന നിലയിൽ അബ്ദുള്ളക്കുട്ടിയോട് ആശയപരമായ എതിർപ്പ് പലർക്കും കാണും. എന്നു കരുതി അബ്ദുള്ളക്കുട്ടിയെ ഇല്ലാതാക്കി അദ്ദേഹം പ്രചരിപ്പിക്കുന്ന ദേശീയ രാഷ്ട്രീയ ചിന്തകൾ ഇല്ലാതാക്കാമെന്ന് കരുതുന്നവർ രാഷ്ട്രീയ – മതാന്ധത ബാധിച്ചവരാണെന്നും ഫേസ് ബുക്ക്
പോസ്റ്റിൽ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ചേകനൂർ മൗലവി നഷ്ടപ്പെട്ട കാലത്തെ രാഷ്ട്രീയ-ഭരണ സാഹചര്യമല്ല നിലവിൽ രാജ്യത്ത് ഉള്ളതെന്ന് ഉന്മൂലന രാഷ്ട്രീയക്കാർ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ജനാധിപത്യ സഖ്യത്തോട് അടുക്കുന്ന ന്യൂനപക്ഷ സാമുദായിക അംഗങ്ങൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത ആരെയെങ്കിലും ചൊടിപ്പിക്കുന്നുവെങ്കിൽ, ആ ചിന്തകളെ നയിക്കുന്നത് വൈദേശിക ബോധമാണ്. ഇത്തരക്കാർക്ക് ഇരയാകാൻ ഒരു അബ്ദുള്ളക്കുട്ടിയെയും വിട്ടുതരില്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.