ഇന്ത്യയില്‍ നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗും. കോടിക്കണക്കിന് ജനങ്ങളെ മഹാമാരിയും പ്രളയവും ബാധിച്ചിരിക്കുന്ന കാലത്ത് വിദ്യാര്‍ഥികളോട് പരീക്ഷയ്‌ക്കെത്താന്‍ പറയുന്നത് ന്യായമല്ല. പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കാനുള്ള പ്രതിഷേധങ്ങളില്‍ താനും പങ്കുചേരുന്നുവെന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു.

‘ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സമയത്ത് ഇന്ത്യയില്‍ വിദ്യാര്‍ത്ഥികളോട് ദേശീയമായി നടത്തപ്പെടുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ പറയുന്നത് അങ്ങേയറ്റം അന്യായമാണ്. മാത്രമല്ല, രാജ്യത്ത് നിരവധി പേരെ കടുത്ത വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ട്. കൊവിഡിനിടയില്‍ നടത്താന്‍ പറയുന്ന ജെ.ഇ.ഇ നീറ്റ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന അവരുടെ ആവശ്യത്തിനൊപ്പമാണ് ഞാന്‍,’ ഗ്രേറ്റ ട്വിറ്ററില്‍ കുറിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന 16 വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ് സ്വീഡനില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയാണ്.

കൊവിഡ് പശ്ചാത്തലത്തില്‍ സെപ്തംബറില്‍ നടക്കുന്ന ജെ.ഇ.ഇ, നീറ്റ് അടക്കമുള്ള പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഞായാറാഴ്ച 4,000ത്തോളം വിദ്യാര്‍ത്ഥികള്‍ അവരുടെ വീടുകളില്‍ നിരാഹാര സമരം നടത്തി. പരീക്ഷ നീട്ടിവയ്ക്കണം എന്ന ഹാ‌ഷ്‌ടാഗില്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളില്‍ സമരത്തിന്റെ ഫോട്ടോ പങ്കുവച്ചു.