ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കിട്ട വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകർ. ചാമ്പ്യൻസ് ലീഗ് ട്രോഫിയിൽ ചുംബിച്ച് അതിനൊപ്പം പോസ് ചെയ്യുകയാണ് താരം. “എക്കാലവും ഉറ്റ സുഹൃത്തുക്കൾ. 183 മത്സരങ്ങൾ, 140 ഗോളുകൾ, 5 ട്രോഫികൾ” എന്നാണ് അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്.
ചാമ്പ്യൻസ് ലീഗിലെ ശ്രദ്ധേയമായ അംഗീകാരമായി യുവേഫ പ്രസിഡൻ്റ് അലക്സാണ്ടർ സെഫെറിൻ പ്രത്യേക പുരസ്കാരം നൽകി ആദരിച്ച റൊണാൾഡോയ്ക്ക് യഥാർത്ഥത്തിൽ ട്രോഫി ‘ഉറ്റ ചങ്ങാതി’യാണ്. മൊണാക്കോയിലെ ഗ്രിമാൽഡി ഫോറത്തിൽ വ്യാഴാഴ്ച നടന്ന 2024-25 യുവേഫ ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പിനിടെയായിരുന്നു ചടങ്ങ്.
യുവേഫ ചാമ്പ്യൻസ് ലീഗിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാരമ്പര്യം സമാനതകളില്ലാത്തതാണ്, അത് എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളെന്ന പദവി ഉറപ്പിച്ചു. 183 മത്സരങ്ങളിൽ നിന്ന് അവിശ്വസനീയമായ 140 ഗോളുകളുമായി മത്സരത്തിലെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോറർ എന്ന നിലയിൽ, റൊണാൾഡോ യൂറോപ്യൻ ഫുട്ബോളിൽ മായാത്ത മുദ്ര പതിപ്പിച്ചു, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവൻ്റസ് എന്നിവയ്ക്ക് വേണ്ടിയുള്ള തൻ്റെ നേട്ടങ്ങൾ അദ്ദേഹത്തിൻ്റെ ഐതിഹാസിക പദവിയിലേക്ക് സംഭാവന ചെയ്തു.



