ഇഡിയ്ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഹൈക്കോടതിയുടേത് ഇടക്കാല സ്റ്റേ മാത്രമാണെന്നും വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച്‌ സംസഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍.

ഇഡിയ്ക്കെതിരായ അന്വേഷണം സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച്‌ നിയമപരമായ പരിശോധനകള്‍ക്ക് ശേഷം എടുത്ത തീരുമാനമാണ്. സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയ്ക്ക് ഉളളില്‍ നിന്ന് ഇഡി പ്രവര്‍ത്തിച്ച സമയത്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേന്ദ്ര ഏജന്‍സികള്‍ തെരഞ്ഞെടുപ്പിന് മുമ്ബ് എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് കണ്ടതാണ്. ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയായിരുന്നു.

അത് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തിലേക്ക് ഇടപെടുന്ന തരത്തിലേക്ക് മാറിയപ്പോള്‍ ജനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമുണ്ടായി. ഭരണഘടന കേന്ദ്ര–-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള മേഖലകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യങ്ങളിലേക്ക് സംഭവങ്ങളെ നീക്കാന്‍ ശ്രമിച്ചപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ വസ്തുത കണ്ടെത്തുക എന്നതാണ് സര്‍ക്കാര്‍ ചെയ്തതെന്നും വിജയരാഘവന് പറഞ്ഞു.

ഇതില്‍ ഒരു നിയമ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിന്റെ ദൈനംദിന പ്രശ്നങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് എത്രമാത്രം എടപെടാനാകും. അത് ഭരണഘടന സര്‍ക്കാരിന് നല്‍കുന്ന പരിരക്ഷയ്ക്ക് അപ്പുറത്തേക്ക് പോകുന്നുണ്ടോയെന്നതാണ് ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. അതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ച്‌ ഒരു സ്റ്റേ വാങ്ങിയെന്നത് കൊണ്ട് പ്രശ്നം ഇല്ലാതാകുന്നില്ല.

നിയമപരമായി വീണ്ടും തങ്ങളുടെ ഭാഗം കോടതിയ്ക്ക് മുന്നില്‍ പറയാന്‍ ഗവണ്‍മെന്റിന് കഴിയും. നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹത്തില്‍ ഇത്തരങ്ങള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. അത് നിയമപരവും ഭരണഘടനാപരവുമാണ്. അത് സംബന്ധിച്ച്‌ അഭിപ്രായ വ്യത്യാസമുണ്ടാകുമ്ബോള്‍ കോടതിയില്‍ ചര്‍ച്ച ചെയ്യും. നിയമപരമായും നിയമ വിധേയമായുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കോടതി ഒരു അഭിപ്രായം പറഞ്ഞാല്‍ ചില കാര്യങ്ങളില്‍ അത് അന്തിമമായി തീരുമാനമായി സ്വീകരിക്കും. അല്ലെങ്കില്‍ ആ അഭിപ്രായം അംഗീകരിച്ചുകൊണ്ട് തന്നെ അതിന് മുകളില്‍ എന്താണ് നടപടിക്രമം എന്ന് പരിശോധിച്ച്‌ തിരുമാനമെടുക്കും.

നിയമോപദേശവും നിര്‍ദ്ദേശങ്ങളും കേട്ടശേഷം ഉത്തമ വിശ്വാസത്തോടെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ജുഡീഷ്യല്‍ അന്വേഷണം. ഹൈക്കോടതിയുടെ സ്റ്റേ സ്വഭാവികവും നിതിന്യായ വ്യവസ്ഥയുടെ ഭാഗവുമാണ്. അത് മറികടന്ന് മുന്നോട്ട് പോകാനാകുമോ എന്നെല്ലാം പരിശോധിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഒരു വിവാദത്തിലേക്ക് വിഷയത്തെ കൊണ്ടുപോകരുതെന്നും വിജയരാഘവന്‍ പറഞ്ഞു.